വർക്കല: മോഷണം, വധശ്രമം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ ഇടവ വെറ്റക്കട ഷീബാ മൻസിലിൽ കൊച്ചനസ് എന്ന് വിളിക്കുന്ന അനസിനെ (25) അയിരൂർ പൊലീസ് പിടികൂടി. മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. 2018ൽ പാകിസ്ഥാൻ മുക്കിലെ ഒരു വീട്ടിൽ നിന്ന് മൂന്ന് സി.സി.ടി.വി കാമറകൾ മോഷ്ടിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവരവെ ഇടവയിലെ ഒരു റസ്റ്റോറന്റും വീടും അടിച്ചുനശിപ്പിക്കുകയും ഉടമയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെയും പ്രതിയാണ്. മൂന്നോളം അടിപിടി കേസുകളിലും മോഷണകേസുകളിലും നിരവധി എക്സൈസ് കേസുകളിലും പ്രതിയാണ്. 2015 മുതൽ ഇടവ, വെറ്റക്കട, മാന്തറ തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവന്ന പ്രതിയെ അയിരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്.ആർ, എസ്.ഐ നിസാറുദ്ദീൻ, എ.എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ സജീവ്, തുളസി, അനന്തുചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാൻഡുചെയ്തു.