report

തിരുവനന്തപുരം: ഡോളർ കടത്തിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ, കസ്റ്റംസിന്റെ അടുത്ത ലക്ഷ്യം യു.എ.ഇ കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ്. മൂന്നാം പ്രതിയായ ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട് നേടിയ കസ്റ്റംസ്, ഇന്റർപോൾ വഴി തെരച്ചിൽ നോട്ടീസിറക്കിയിട്ടുണ്ട്. ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലാത്തതിനാൽ ഇവിടത്തെ നിയമനടപടികൾക്ക് വിധേയമാകേണ്ടിവരും.

തിരുവനന്തപുരത്തു നിന്ന് മസ്കറ്റ് വഴി ഈജിപ്‌റ്റിലെ കയ്‌റോയിലേക്കാണ് ഡോളർ കൊണ്ടുപോയത്. മസ്കറ്റിൽ ഏതൊക്കെ ഉന്നതർക്ക് പണം വീതംവച്ചെന്നും കണ്ടെത്തണം. ഡോളർ ഏറ്റുവാങ്ങിയ മസ്കറ്റിലെ കോളേജിലെ ഡീൻ ഡോ.കിരണിനെയും ഉടമ ലഫീറിനെയും കസ്റ്റംസ് ചോദ്യംചെയ്തിട്ടുണ്ട്. ശിവശങ്കറിനെ ഡോളർകടത്തിൽ പ്രതിയാക്കുമെന്ന് കേരളകൗമുദി നവംബർ 14ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഡോളർ കടത്തിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഒമാൻ വരെ ഡോളർ കടത്തിന് അകമ്പടി പോയത് സ്വപ്നയും സരിത്തുമാണ്. കേരളത്തിലെ ചില ഉന്നതർക്കു വേണ്ടിയാണ് കോഴപ്പണം ഡോളറാക്കി കടത്തിയതെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് സൂചന. കസ്റ്റംസ് മുദ്രവച്ച കവറിൽ സമർപ്പിച്ച മൊഴിയിൽ ഉന്നതരുടെ പേരുകളുള്ളതായി നിരീക്ഷിച്ച കോടതി, അന്വേഷണം കോടതിയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

ഡോ​ള​ർ​ ​ന​ൽ​കി​യ​ ​ആ​ക്സി​സ് ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​ശേ​ഷാ​ദ്രി​യെ​ ​മാ​പ്പു​സാ​ക്ഷി​യാ​ക്കി​ ​കേ​സ് ​ക​ടു​പ്പി​ക്കാ​നാ​ണ് ​ക​സ്റ്റം​സ് ​നീ​ക്കം.​ ​ശിവശങ്കറിന്റെ ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്ന ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ​മൊ​ഴി​ക​ൾ​ ​നി​ർ​ണാ​യ​ക​മാ​ണ്. കരമന ബ്രാഞ്ച് മാനേജരായ ശേഷാദ്റി അയ്യർ സസ്‌പെൻഷനിലാണ്.

ബാങ്കുകളെ സമ്മർദ്ദത്തിലാക്കി 1.90ലക്ഷം യു.എസ് ഡോളർ (1.40കോടി രൂപ) മാറിയെടുത്ത് വിദേശത്തേക്ക് കടത്താൻ സ്വപ്നയ്ക്ക് ഒത്താശ ചെയ്തെന്നാണ് ശിവശങ്കറിനെതിരായ കുറ്റം. ജൂണിൽ എയർഇന്ത്യ വിമാനത്തിൽ വിദേശികളെ ദുബായിലെത്തിക്കാൻ അഞ്ച് ടിക്കറ്റെടുക്കാൻ സ്വപ്നയ്ക്കായി ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗേജുകളിലും വിദേശകറൻസി കടത്തിയെന്ന് സംശയിക്കുന്നു. ഡോളർ അടങ്ങിയ ബാഗുകൾ കോൺസുലേറ്റിൽ എത്തിച്ച ഡ്രൈവർമാരിൽനിന്ന് കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡോളർ കടത്തിലെ ഉന്നതരെത്തേടിയുള്ള കസ്റ്റംസിന്റെ അടുത്ത നീക്കങ്ങൾ കോളിളക്കം സൃഷ്ടിച്ചേക്കും.

ഗുരുതര കേസ്

ചട്ടപ്രകാരം രണ്ടായിരം മുതൽ അയ്യായിരം ഡോളർ വരെ മാറ്റിയെടുക്കാനേ കഴിയൂ. 1.90 ലക്ഷം ഡോളർ ശേഖരിച്ചത് ഗുരുതര കുറ്റം

കറൻസി കടത്തുന്നത്‌ കസ്റ്റംസ് നിയമത്തിന്റെ 135ാം വകുപ്പുപ്രകാരവും വിദേശനാണ്യ വിനിമയ ചട്ടപ്രകാരവും ശിക്ഷാർഹം

ലൈഫ് കോഴയാണ് ഡോളറാക്കി കടത്തിയതെന്നതിനാൽ ശിവശങ്കറിന് പുറമെ, മസ്കറ്റിൽ പണം സ്വീകരിച്ച ഉന്നതരും പ്രതികളാവും

അനധികൃത ഡോളർ ഇടപാടിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവുമുണ്ടാകും

കള്ളപ്പണ ഇടപാടിന് തെളിവുകൾ കണ്ടെത്തിയാൽ ശിവശങ്കറിന്റെ സ്വത്തുക്കൾ ഇ.ഡിക്ക് കണ്ടുകെട്ടാം