തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ രാഷ്ട്രതന്ത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന യോഗം എഴുത്തുകാരനും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഏതൊരു നാടിന്റെയും കരുത്ത് അവിടുത്തെ യുവജന സമൂഹമാണെന്നും ജാതി, മത സമവാക്യങ്ങൾക്കതീതമായി യുവജന കൂട്ടായ്മ ഉണ്ടാവുമ്പോൾ മാത്രമാണ് ഓരോരാജ്യത്തിന്റെയും ഉൾവിളി കേൾക്കാൻ അതാത് ഭൂപ്രദേശങ്ങൾക്ക് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത അദ്ധ്യക്ഷത വഹിച്ചു. പഠന വകുപ്പ് മേധാവി ഡോ. രാഖി വിശ്വംഭരൻ ആശംസയർപ്പിച്ചു. വെബിനാർ കോ-ഓർഡിനേറ്റർ ടി. അഭിലാഷ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അനാമിക പ്രജിൻ നന്ദിയും പറഞ്ഞു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.