general

ബാലരാമപുരം:കൃഷിയുടെ കാര്യത്തിൽ വാചാലനാകുന്ന പള്ളിച്ചൽ കൃഷി ഓഫീസർ പി.രമേശ് കുമാറിന് രണ്ടാം തവണയും മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം. കൃഷിയെ ജീവവായു പോലെ കൊണ്ടുനടക്കുന്ന ഈ കർഷകനായ കൃഷി ഓഫീസറെ പള്ളിച്ചൽ പഞ്ചായത്തിലെ കർഷകർക്കും ഏറെ പ്രിയങ്കരനാണ്. കഴിഞ്ഞ എട്ട് വർഷമായി താൻ ഔദ്യോഗിഗ ജീവിതം നയിക്കുന്ന പള്ളിച്ചൽ കൃഷിഭവനെ സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരം നേടിക്കൊടുക്കാൻ ആവുന്നത്ര പരിശ്രമിച്ചു. നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു. കത്തിരിയുടേയും വെണ്ടയുടേയും ഇടയിൽ ചീര കൃഷി ചെയ്ത് വിളവെടുക്കുന്ന സൗഹൃദ കൃഷിയുടേയും പച്ചനിലക്കടലയും പച്ച ചാണകവും ചേർത്ത് കടലാമൃതമെന്ന പേരിൽ ഗുണമേന്മയുള്ള വളർച്ചാ ത്വരകവും ഈ കൃഷി ഓഫീസറുടെ സംഭാവനയാണ്. ചീര സ്ക്വാഷ് ഒരുക്കുന്നതിൽ കൃഷി ഭവനുകീഴിലെ എല്ലാ വിദ്യാലയങ്ങളിലും മാർഗനിർദ്ദേശങ്ങൾ നൽകുന്നു. മണ്ണിനെ സ്നേഹിച്ച് ഒപ്പം സംസാരിക്കുകയും അതോടൊപ്പം കൃഷിയിൽ വ്യാപൃതനാവുകയും ചെയ്യുന്ന രമേഷ് കുമാർ മലപ്പുറം കല്പകഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറായിരുന്നു. കഴിഞ്ഞ വർഷം പൂങ്കോട് എസ്.വി.എൽ.പി.എസിലെ അദ്ധ്യാപികയ്ക്കും സ്കൂളിനും പുരസ്കാരം ലഭിക്കാൻ വേണ്ട പിന്തുണ നൽകിയതും രമേഷ് കുമാറായിരുന്നു.