തിരുവനന്തപുരം: സ്‌പ്രിൻക്ലർ അഴിമതി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ വീണ്ടും തള്ളി. ഇക്കാര്യം പ്രതിപക്ഷം പലതവണ ഉന്നയിക്കുകയും ഇതിന് മറുപടി നൽകുകയും ചെയ്തിട്ടുള്ളതാണെന്ന് മന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകി.
സ്‌പ്രിൻക്ളർ വിഷയത്തിൽ സർക്കാർ തെറ്റായ നിലപാടൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു..
സ്‌പ്രിംൻക്ലർ കരാറിലെ പലവ്യവസ്ഥകളും സംസ്ഥാനത്തിന് അനുകൂലമല്ലെന്ന് ചെന്നിത്തല ആരോപിച്ചു. സ്‌പ്രിംഗ്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച എം.മാധവൻ നമ്പ്യാർ സമിതിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സർക്കാരിനെ വെള്ള പൂശാനായാണ് മാധവൻ നമ്പ്യർ റിപ്പോട്ടിൻമേൽ വീണ്ടും ഒരന്വേഷണം നടത്തുന്നതിന് മൂന്നംഗസമിതിയെ സർക്കാർ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മാധവൻ നമ്പ്യാർ കമ്മിറ്റി പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.