തിരുവനന്തപുരം: സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്റെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സ്‌പീക്കർ ഡോളറടക്കമുള്ള ബാഗ് കൈമാറിയതായും അത് കോൺസുലേറ്റ് ജനറലിന് കൊടുക്കാൻ ആവശ്യപ്പെട്ടതായും സ്വർണക്കടത്ത് കേസ് പ്രതികൾ മൊഴി നൽകിയിരുന്നു. സ്വർണക്കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്ന നാസിലും സ്‌പീക്കറുടെ സുഹൃത്താണെന്നാണ് പുറത്തു വരുന്ന വാർത്ത. ഇയാളുടെ പേരിലുള്ള സിം കാർഡാണ് സ്പീക്കർ ഉപയോഗിക്കുന്നതെന്നതും ദുരൂഹമാണ്. സ്‌പീക്കറുടെ ഓഫീസ് സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തു കഴിഞ്ഞു. സ്റ്റാഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് തവണ അദ്ദേഹം ഹാജരാകാൻ തയ്യാറായില്ല എന്നത് സംശയാസ്പദമാണെന്നും സുരേന്ദ്രൻ പറഞ്ഞു.