തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് ഫയർഫോഴ്സ് പാഞ്ഞെത്തി, താഴത്തെ നിലയിൽ ഉയർന്ന പുക കെടുത്താൻ ശ്രമിക്കുന്നു. പെട്ടെന്നുണ്ടായ സംഭവത്തിൽ തീപിടിത്തമുണ്ടായോ എന്ന് എല്ലാവരും അമ്പരന്നു, ജീവനക്കാരും പരിഭ്രാന്തരായി. സംഗതി ഫയർഫോഴ്സിന്റെ മോക്ക് ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. ഇന്നലെയായിരുന്നു ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ നടന്നത്. പ്രോട്ടോക്കോൾ ഓഫീസിലെ വിവാദമായ തീപിടിത്തത്തിനുശേഷമുള്ള സുരക്ഷാ പരിശോധനയ്ക്കുവേണ്ടിയായിരുന്നു മോക്ക് ഡ്രിൽ. സെക്രട്ടേറിയറ്റിലെ പ്രധാന കെട്ടിടത്തിലാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് ബോധവത്കരണം നടത്താൻ പരിപാടി സംഘടിപ്പിച്ചത്. പ്രധാന കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു മോക്ക് ഡ്രിൽ. തീപിടിത്തമുണ്ടായാൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നതടക്കം പരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജീവനക്കാർക്ക് കഴിഞ്ഞ ദിവസം പരിശീലനം നൽകിയിരുന്നു. തീപിടിത്തമുണ്ടായാൽ ജീവനക്കാരെ ഒഴിപ്പിക്കാനുള്ള മുൻകരുതലുകളും പരിശോധിച്ചു. ഫയർഫോഴ്‌സ് റീജിയണൽ ഓഫീസർ ടി. ദിലീപൻ നേതൃത്വം നൽകി.