പോത്തൻകോട്: നേപ്പാൾ ദുരന്തത്തിൽ മരിച്ച ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണിയിൽ പ്രവീൺകുമാർ കെ. നായരുടെയും കുടുംബത്തിന്റെയും സ്‌മരണാർത്ഥം നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലയിടൽ കർമ്മവും അനുസ്‌മരണ സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രവീണിന്റെ മാതാപിതാക്കളായ കൃഷ്ണൻകുട്ടിനായർ, പ്രസന്നകുമാരി എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. അഡ്വ.എം.എ. വാഹീദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റും കൗൺസിലറുമായ വി.വി. രാജേഷ്, നിംസ് എം.ഡി ഡോ. ഫൈസൽഖാൻ, സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ, കഴക്കൂട്ടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.എസ്. ഇന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രവീണിന്റെ കുടുംബവീടിന് സമീപം രണ്ടുനിലകളിലായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഒരുനില അയ്യൻകോയിക്കൽ റസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കും രണ്ടാമത്തെ നിലയിൽ ആധുനിക സൗകര്യങ്ങളുള്ള ഒരു ലൈബ്രറിയും ഒരുക്കാനാണ് തീരുമാനം. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കും.