തിരുവനന്തപുരം: പേട്ട-ആനയറ-ഒരുവാതിൽകോട്ട റോഡിന്റെ വികസനത്തിനുള്ള തുക കിഫ്ബി കൈമാറി. 2016-17 ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട - ആനയറ - ഒരുവാതിൽകോട്ട റോഡ് വികസനം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നീണ്ടുപോയ പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കാൻ സാധിക്കാൻ കഴിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സ്ഥലമേറ്റെടുക്കലിന് 100.68 കോടി രൂപ കിഫ്ബി അധികൃതർക്ക് കൈമാറി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജി. സുധാകരൻ, തോമസ് ഐസക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
18 മീറ്റർ വീതിയിലാണ് പേട്ട - ഒരുവാതിൽകോട്ട റോഡ് വിഭാവനം ചെയ്തിരുന്നതെങ്കിലും പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരവും അമൃത് പദ്ധതിയുടെ സ്വീവറേജ് ലൈനുകൾ കൂടി കണക്കിലെടുത്തും പേട്ട റെയിൽ ഓവർ ബ്രിഡ്ജ് മുതൽ വെൺപാലവട്ടം വരെ 14 മീറ്റർ വീതിയിലും വെൺപാലവട്ടം മുതൽ ദേശീയപാത ബൈപ്പാസ് സർവീസ് റോഡ് വരെ 12 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മാണം പുനർവിഭാവനം ചെയ്തത്. രണ്ട് സ്‌ട്രെച്ചുകളിലുമായി 3.810 കി.മീറ്ററാണ് റോഡിന്റെ ആകെ നീളം. റോഡ് വീതി കൂട്ടലിന് പുറമേ കലുങ്ക് നിർമ്മാണം, കോൺക്രീറ്റ് ഡ്രയിനുകൾ, ട്രാഫിക് സുരക്ഷാക്രമീകരണങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 13 ബസ് ഷെൽട്ടറുകളും പദ്ധതിയിലൂടെ നിർമ്മിക്കും. പദ്ധതി പ്രദേശത്ത് നിലവിലുള്ള കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി എന്നിവയുടെ സർവീസ് കണക്ഷനുകൾ മാറ്റി സ്ഥാപിക്കാൻ 5.93 കോടി രൂപയും സ്വിവറേജ് ലൈനുകളുടെ ക്രമീകരണത്തിനായി 6.9 കോടി രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആകെ അടങ്കൽ തുക 133.60 കോടിയാണ്. ഇതിൽ കടകംപള്ളി വില്ലേജിലെ 1.88 ഹെക്ടർ ഭൂമി ഏറ്റെടുക്കലിനും ബന്ധപ്പെട്ട പുനരധിവാസത്തിനുമായി വകയിരുത്തിയ തുകയാണ് കിഫ്ബി കൈമാറിയത്.