കൊടുങ്ങല്ലൂർ: വേഷ പ്രച്ഛന്നരായെത്തി വൻ ചീട്ടുകളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷങ്ങൾ വച്ച് കളിക്കുന്ന എസ്.എൻ പുരം കട്ടൻബസാർ കാസിനോ സംഘമെന്ന് പേരുള്ള ചീട്ടുകളി സംഘമാണ് പിടിയിലായത്. പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദ്ദീൻ, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിൻ ലാൽ, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരെ 1.16 ലക്ഷം രൂപയും കളി സാമഗ്രികളും സഹിതമാണ് പിടികൂടിയത്.
റൂറൽ എസ്.പി: വിശ്വനാഥിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സംഘത്തെ ഒരു വാഹനത്തിൽ കളിസ്ഥലത്തേക്ക് എത്തിക്കുകയും കളിക്കു ശേഷം തിരിച്ചെത്തിക്കുകയുമാണ് സംഘാടകർ ചെയ്യുന്നത്. പൊലീസിനെ കബളിപ്പിക്കാനും നീക്കം നിരീക്ഷിക്കാനും സംഘം നിരവധി സ്ഥലങ്ങളിൽ ആളുകളെ നിറുത്തിയിരുന്നു. സംഘത്തിലുള്ളവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി കാവൽ നിൽക്കുന്നവരെ ഏൽപ്പിച്ചതിനു ശേഷമാണ് കാസിനോയിലേക്ക് പ്രവേശനമത്രെ. കളിസ്ഥലത്ത് എത്തിപ്പെടാൻ പ്രയാസമായതിനാൽ വേഷം മാറിയാണ് പൊലീസ് സംഘം ഇവരെ കുടുക്കിയത്.
ഡിവൈ.എസ്.പി: ടി.ആർ. രാജേഷ്, സൈബർ പൊലീസ് എസ്.ഐ: എം.ജെ. ജിജോ, ക്രൈംബ്രാഞ്ച് എസ്.ഐ: എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ സൂരജ് വി.ദേവ്, മിഥുൻ കൃഷ്ണ, അനൂപ് ലാലൻ, മാനുവൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.