തിരുവനന്തപുരം : മലബാർ ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മലബാർ ദേവസ്വം ബില്ല് ഈ സർക്കാരിന്റെ കാലത്ത് നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയൊതെ പോയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ പരിശോധനയാണ് ഇതിനായി നിയോഗിച്ച കമ്മീഷൻ നടത്തിയത്. കമ്മീഷന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി നിയമമാക്കാൻ ഇനി സമയം ലഭിക്കില്ലെന്നും കടകംപള്ളി പറഞ്ഞു. സമഗ്ര മലബാർ ദേവസ്വം നിയമത്തെ കുറിച്ചും ദേവസ്വം ജീവനക്കാരുടെ സേവന, വേതന വിഷയങ്ങളുമായി ബന്ധപ്പെട്ടും കെ.എൻ.എ ഖാദർ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആയിരത്തിലേറെ വരുന്ന മലബാർ ദേവസ്വം ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ താൻ പലപ്രാവശ്യം നിയമസഭയിൽ കൊണ്ടുവന്നതാണെന്നും എന്നാൽ, യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി. ഇടക്കാല ആശ്വാസമായി ജീവനക്കാർക്ക് 2000 രൂപവീതം ലഭ്യമാക്കി. ശമ്പളത്തിനായി 10 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും വരുമാനക്കണക്കുകൾ യഥാസമയം ലഭ്യമാകാത്ത സ്ഥിതിയുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.