issac

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒരു സാമ്പത്തിക സ്ഥാപനവും പൂട്ടില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. കെ.ടി.ഡി.എഫ്.സി പൂട്ടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അത്തരത്തിലുള്ള ഒരു സാഹചര്യവും ഇല്ല. അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. ഇത് ആരുടെ റിപ്പോർട്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധവാ പെൻഷൻ മസ്റ്ററിംഗ് മൂന്ന് മാസത്തേക്ക് നിറുത്തിവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ എസ്റ്റിമേഷൻ ഷെഡ്യൂൾ ദിവസങ്ങൾക്കുള്ളിൽ പരിഷ്കരിക്കും. അത് നിലവിൽ വരുന്നതോടെ പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാത്തതു മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.

കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ കാലതാമസമുണ്ടാകുന്നെന്ന ആക്ഷേപത്തിൽ കഴമ്പില്ല. ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണ് പല പദ്ധതികൾക്കും തടസം. പലതിലും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

6565 കോടി രൂപ സാമൂഹിക പെൻഷനും ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിന് 5147 കോടിയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിനായി 1617 കോടിയും ഉൾപ്പെടെ 15,740 കോടിയുടെ പദ്ധതി ചെലവ് വിഹിതവും വായ്പാ തിരിച്ചയ്ക്കാൻ 20,590 കോടിയും ചേർത്ത് 36,330 കോടി രൂപയുടെ ഉപധനാഭ്യർത്ഥന നിയമസഭ അംഗീകരിച്ചു.