thomas-isaac

തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടെ ട്രഷറി ഓവർ ഡ്രാഫ്റ്റില്ലാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ഉപധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു. ഓവർ ഡ്രാഫ്റ്റുണ്ടായാൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരും. ട്രഷറി പൂട്ടാതെ നടത്തിക്കൊണ്ടുപോയത് വൻ അഭ്യാസം തന്നെയായിരുന്നു. കൊവിഡ് മൂലം വരുമാനം 20% കുറഞ്ഞു. ആരോഗ്യമടക്കം പല രംഗത്തും ചെലവ് കൂടി. എന്നിട്ടും മൊത്തം ചെലവ് 10% കുറയ്ക്കാനായി.

നിയമസഭയിൽ പറയാൻ പാടില്ലാത്ത പലതും പറയുന്ന പ്രതിപക്ഷ നടപടി ശരിയല്ല. നമ്മളിൽ പലർക്കും അവാർഡുകൾ ലഭിക്കുന്നുണ്ട്. അതെല്ലാം നാം പണം നൽകി വാങ്ങുന്നതാണോ? സ്പീക്കർ പണം കൊടുത്താണ് അവാർഡ് വാങ്ങിയതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല. പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിക്കും സ്പീക്കറോടൊപ്പം അവാർഡ് കിട്ടി. അവാർഡ് നിർണയിച്ചതാകട്ടെ കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ അദ്ധ്യക്ഷനായ കമ്മിറ്റിയും. ഇത് പണം കൊടുത്തുള്ള ഏർപ്പാടാണോയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.