kidnapped-the-young-man

ചാവക്കാട്: പാലുവായിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്റെ മകൻ അർജുൻ രാജിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പാവറട്ടി മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു- 23),പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു - 24),മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു - 25) എന്നിവരുമായാണ് ചാവക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
ഇക്കഴിഞ്ഞ 12ന് രാവിലെ ആറോടെയാണ് സംഘം അർജുൻ രാജിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അർജുനന്റെ കച്ചവടപങ്കാളിയും പ്രതികളിലൊരാളായ ജിഷ്ണുപാലിന്റെ ജ്യേഷ്ഠൻ ജിത്തുപാലും തമ്മിൽ രണ്ടു വർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്.

വീട്ടിൽ നിന്നും വിളിച്ചിറക്കി അർജുനനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം സംബന്ധിച്ച വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കി വിട്ടു. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതികളെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ: യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് എത്തിയത്.