arrestted

ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കടപ്പുറം പഞ്ചായത്ത് വെളിച്ചെണ്ണപ്പടി പുതുവീട്ടിൽ ഹസീബി(31)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

2020 നവംബർ എട്ടിന് വൈകിട്ട് സി.പി.എം - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു. വെളിച്ചെണ്ണപ്പടിയിലെ സി.പി.എം ബ്രാഞ്ച് ഓഫീസിനടുത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് ചിഹ്നം പതിക്കുകയും അത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കീറിയെന്നുമുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്‌.

കേസിൽ സി.പി.എം പ്രവർത്തകരായ 14 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.