cm-

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റങ്ങൾക്ക് സർക്കാർ ഉടൻ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അക്കാഡമിക്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി മസ്‌ക്കറ്റ് ഹോട്ടലിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് വേഗത്തിൽ നടപ്പാക്കും. സർവകലാശാലകളെയും പ്രധാന സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. ഇവിടങ്ങളിലെ പശ്ചാത്തല സൗകര്യം വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും പഠനപ്രക്രിയ നടത്താനാവും വിധം കാമ്പസുകളിലെ സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്. ഹോസ്റ്റലുകളുടെ സ്ഥിതിയും മെച്ചപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരെയും, മറ്റു സംസ്ഥാനങ്ങളിലും,വിദേശങ്ങളിലുമുള്ളവരെയും ഇവിടേക്ക് ആകർഷിക്കാനാവും. . സർവകലാശാല ചട്ടങ്ങളിൽ ഇതിനാവശ്യമായ പരിഷ്‌കാരം വരുത്തും. ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായ വിദഗ്ധരെ ഉൾപ്പെടുത്തും . കൂടുതൽ ഫിനിഷിംഗ് സ്‌കൂളുകൾ സ്ഥാപിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തുകയും ചെയ്യും.പഠിച്ച വിഷയത്തിനനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നതിനനുസൃതമായ കോഴ്‌സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ എന്നിവർ പങ്കെടുത്തു. ഓൺലൈനിലും വിദഗ്ധർ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.