rafeek

കളമശേരി: നഗരസഭയിലെ വാർഡ് 37 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥി റഫീക്ക് മരക്കാറിന് ജയം. 64 വോട്ടിന്റെ ഭൂരിപക്ഷമാണ് റഫീക്ക് നേടിയത്. നഗരസഭാ ഭരണം വരും നാളുകളിൽ പ്രതിസന്ധിയിലാകും. എൽ.ഡി.എഫും യു.ഡി.എഫും തുല്യ ശക്തികളായി നിൽക്കുകയാണ്. നിലവിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫാണ് ഭരിക്കുന്നത്.

യു.ഡി.എഫിൽ പൊട്ടിത്തെറി

കാലങ്ങളായി മുസ്ലിം ലീഗ് ജയിച്ചു വരുന്ന വാർഡാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഇതേത്തുടർന്ന് യു.ഡി.എഫിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ ലീഗ് രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ വാർഡ് വിട്ടുതരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും മുസ്ലിം ലീഗിന്റെ പ്രാദേശിക നേതൃത്വം ശക്തമായി എതിർത്തു. തുടർന്ന് സംസ്ഥാന തലത്തിൽ ഇരുകൂട്ടരും തമ്മിൽ ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പായില്ല. കോൺഗ്രസിലെ ഒരു വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു സിദ്ധിക്കിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരുന്നു. വിഷയത്തിൽ ഡി.സി.സി ഇടപെട്ടില്ലെന്നും ലീഗിന് പരാതിയുണ്ടെ. നടപടി ആവശ്യപ്പെട്ട് ലീഗ് നേതൃത്വം പരാതി കൊടുത്തിരിക്കുകയാണ്.

വോട്ടിംഗ് നില

ആകെ പോൾ ചെയ്തത് : 775

റഫീക്ക് മരക്കാർ- ഇടത് സ്ഥാനാർത്ഥി- 308 വോട്ട് -ചിഹ്നം കുട

വി.എസ്.സമിൻ- യു.ഡി.എഫ് ലീഗ് സ്ഥാനാർത്ഥി - 244 വോട്ട് - ചിഹ്നം ഏണി

ഷെരീഫ് ഇബ്രാഹിം - സ്വതന്ത്രൻ - 03വോട്ട് - ചിഹ്നം ആപ്പിൾ

ഷിബു സിദ്ധിക്ക് - സ്വതന്ത്രൻ - 207 വോട്ട് - ചിഹ്നം കാർ

സി.കെ.ഗോപിനാഥ് - ബി.ജെ.പി - 13 വോട്ട്- ചിഹ്നം താമര