1

നെയ്യാറ്റിൻകര: തീരദേശ- ആദിവാസി മേഖലയിലെ കുട്ടികൾക്ക് അതിജീവന ശേഷികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 'നാട്ടരങ്ങ് ' സംഘടിപ്പിക്കുന്നു. നെയ്യാറ്റിൻകര താലൂക്കിലെ തീരദേശ മേഖലയായ പൂവാറിലും ആദിവാസി മേഖലയായ അമ്പൂരിയിലും ഉൾപ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പഞ്ചദിന വിദ്യാർഥി കൂട്ടായ്മകളിൽ 420 കുട്ടികൾ പങ്കെടുക്കും. ഓരോ കേന്ദ്രത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 കുട്ടികൾക്കാണ് നാട്ടരങ്ങിൽ പങ്കാളിത്തം. കുട്ടികളുടെ പട്ടിക സ്കൂൾ അധികൃതർ തയാറാക്കും. നാട്ടരങ്ങിന്റെ ഭാഗമായി കൂട്ടരങ്ങ്, ഡിജിറ്റൽ ആൽബം നിർമാണം, പ്രാദേശിക കലാപ്രകടന വേദികൾ, പ്രകൃതി നടത്തം, ഉല്പന്ന പ്രദർശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്, ഫെയ്സ് ബുക്ക്, ജി.മെയിൽ, വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ പ്രയാേജനപ്പെടുത്താനും പരിശീലനം നൽകും. ക്യാമ്പിൽ തയാറാക്കുന്ന ആഡിയോ ലെക്സിക്കൺ, ഡിജിറ്റൽ പോർട് ഫോളിയോ, ഷോർട് ഫിലിം എന്നിവ സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാനും പദ്ധതിയുണ്ട്. പരിശീലകരായ രാധാകൃഷ്ണൻ നായർ, ജോൺബോയ്, എ.എസ്.മൻസൂർ, ടി.എസ്.ജയ, ജി.ജി. ബിന്ദു, വിവിധ വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. അമ്പൂരിയിൽ എസ്.കൃഷ്ണകുമാർ, ആർ.എസ് ബൈജുകുമാർ, എസ്.അജികുമാർ, റാംസുജിൻ ,ബിനുകുമാർ എന്നിവർ നേതൃത്വം നൽകും.