pension

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയ മുൻ യു.ഡി.എഫ് സർക്കാർ തീരുമാനം തുടരും. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുന്ന കാര്യം തീരുമാനിക്കാൻ മുൻ ജില്ലാ ജഡ്ജി എസ്. സതീഷ് ചന്ദ്രബാബു അദ്ധ്യക്ഷനായി നിയോഗിച്ച കമ്മിറ്റി ഇത് തുടരാൻ ശുപാർശ ചെയ്തേക്കും.

കമ്മിറ്റിയിലെ ഒരംഗവും മുൻ അഡീ.ചീഫ് സെക്രട്ടറിയുമായ പി.മാരപാണ്ഡ്യൻ അസുഖ ബാധിതനായതിനാൽ കമ്മിഷന്റെ അവസാന നടപടിക്രമങ്ങൾ പൂർത്തിയായില്ല. ഗുലാത്തി ഇൻസ്റ്രിറ്ര്യൂട്ട് മുൻ ഡയറക്ടർ ഡി.നാരായണയാണ് മൂന്നാമത്തെ അംഗം. പങ്കാളിത്ത പെൻഷൻ മാറ്റുമെന്ന് പറഞ്ഞ ആന്ധ്ര,​ പഞ്ചാബ്,​ മഹാരാഷ്ട്ര സർക്കാരുകൾ ഇതു തുടരുന്നതും സാമ്പത്തിക ബാദ്ധ്യതയുമാണ് തുടരുന്നതിന് കാരണമായി പറയുന്നത്.

2013 ഏപ്രിൽ ഒന്നു മുതലാണ് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തിയത്. ഇതിനെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ സമരം നടത്തിയ പണിമുടക്ക് ആറ് ദിവസം നീണ്ടുനിന്നു. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന പത്ത് ശതമാനം വിഹിതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുകയാണെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം. .

പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്നായിരുന്നു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ.ഡി.എഫിന്റെ വാഗ്ദാനം. അധികാരത്തിലേറി രണ്ടുവർഷം കഴിഞ്ഞാണ് സമിതി രൂപീകരിച്ചത്. ചില സ്ഥാപനങ്ങളിൽ കൂടി പങ്കാളിത്ത പെൻഷൻ നടപ്പാക്കുകയും ചെയ്തു. ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചതെങ്കിലും കാലാവധി പലതവണ നീട്ടി. ​2004ൽ കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ തുടങ്ങിയിരുന്നു. കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിന്റെ 14 ശതമാനം വിഹിതമായി അടയ്ക്കുമ്പോൾ, കേരളത്തിൽ ഇത് 10 ശതമാനമാണ്.