strike

കൊച്ചി : എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ച് കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. പൊരുതുന്ന ഇന്ത്യയ്ക്ക് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം എന്ന മുദ്രാവാക്യത്തിൽ എറണാകുളം ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്തു. കർഷകരുടെ ന്യായമായ ആവശ്യങ്ങളെല്ലാം കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരുമെന്നും കർഷകർ ബി.ജെ.പി ഗവൺമെന്റിനെ മുട്ടുകുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് കർഷക സമരപന്തലിൽ നടന്ന സമാപന സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ ഉദ്ഘാടനം ചെയ്തു. കാൽനട ജാഥയ്ക്ക് ഐ.എ.എൽ ഹൈകോർട്ട് യൂണി​റ്റ്, കലൂർ സി.പി.ഐ ലോക്കൽ കമ്മി​റ്റി, പാലാരിവട്ടം തമ്മനം ലോക്കൽ കമ്മി​റ്റി, വാഴക്കാല തൃക്കാക്കര വെസ്​റ്റ് ലോക്കൽ കമ്മി​റ്റി, ജോയിന്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. സി.പി.ഐ സംസ്ഥാന കമ്മി​റ്റിയംഗം എം.ടി നിക്‌സൺ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.സി സൻജിത്ത്, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു എന്നിവർ പരിപാടിയിൽ നേതൃത്വം നൽകി.