dd

കല്ലമ്പലം: നവവധുവിനെ ഭർതൃ ഗൃഹത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എസ്.പിക്ക് പരാതി നൽകി. വെട്ടൂർ വെന്നികോട് വലയന്റെകുഴി ശാന്താ മന്ദിരത്തിൽ ഷാജി - ശ്രീന ദമ്പതികളുടെ മകൾ ആതിര (24) യെയാണ് ഭർതൃ ഗൃഹമായ ചെമ്മരുതി മുത്താന ഗുരുമുക്കിന് സമീപം സുനിതാ ഭവനിൽ കഴിഞ്ഞ 15 ന് രാവിലെ 11.45 ഓടെ വീട്ടിനുള്ളിലെ ശുചിമുറിയിൽ കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്ക് സ്വയം ഈ കൃത്യം ചെയ്യാനാകില്ലെന്ന കാര്യത്തിൽ ബന്ധുക്കൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആതിരയെ കണ്ടെത്തിയ ശുചിമുറി അകത്തുനിന്നും കുറ്റിയിട്ടിരുന്നതായി പറയുന്നത് കെട്ടിച്ചമച്ച കഥയാണെന്ന് ആതിരയുടെ അച്ഛൻ ഷാജി പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തെ ചൊല്ലി ഭർതൃ മാതാവിന്റെ ശല്യം ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നതായും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും പിതാവ് ഷാജി മുഖ്യമന്ത്രിക്ക് നിവേദനം നൽകും.

ബന്ധുക്കൾ പറയുന്നത്

കഴിഞ്ഞ നവംബർ 30 നായിരുന്നു ശരത്തുമായുള്ള ആതിരയുടെ വിവാഹം നടന്നത്. ഭർതൃ ഗൃഹത്തിലായിരുന്ന ആതിര സ്വന്തം വീട്ടിൽ വരുന്നതും പോകുന്നതും ഭർതൃ മാതാവായ ശ്യാമളയ്ക്ക് ഇഷ്ടമല്ലായിരുന്നു. സംഭവ ദിവസം മകളെ കാണാൻ അവിടെയെത്തിയ ശ്രീനിയ്ക്കും ആതിരയുടെ സഹോദരൻ ആകാശിനും ആളും അനക്കവുമില്ലാത്ത വീടാണ് കാണാൻ കഴിഞ്ഞതെന്നും പരിസരവാസികളെ കൂട്ടി തിരച്ചിൽ നടത്തിയപ്പോഴാണ് ആതിരയെ ശുചിമുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പറയുന്നു.

ഞരമ്പുകൾ മുറിക്കാനുപയോഗിച്ച കത്തി ആതിരയുടെ കൈയിലുണ്ടായിരുന്നെന്നും കൈകളും കഴുത്തും കാലും സ്വയം മുറിച്ചയാളുടെ കൈയിൽ ഭദ്രമായി കത്തിയുണ്ടാകില്ലെന്നും മരണ വെപ്രാളത്തിൽ കത്തി കൈവിട്ടു പോയേക്കാമെന്നുമാണ് ബന്ധുക്കളുടെ നിഗമനം. മറ്റാരോ ഈ കൃത്യം ചെയ്തിട്ട് കത്തി കൈയിൽ പിടിപ്പിച്ചതാകാമെന്ന് ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നു.