തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകൾ വഴി എല്ലാസഹായങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിലാളികളുടെ പുനരധിവാസത്തിനായി അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിൽ നഷ്ടപ്പെട്ട ക്ഷേമനിധി ബോർഡംഗങ്ങളായ എല്ലാ ബാർതൊഴിലാളികൾക്കും പരമാവധി സംരക്ഷണവും സഹായവും നല്‍കും. അർഹതയനുസരിച്ച് 2,50,000 രൂപ ടേം ലോണും 50,000 രൂപ ഗ്രാന്റ് അല്ലെങ്കിൽ സബ്‌സിഡിയും ചേർത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭ്യമായ 66 അപേക്ഷകരിൽ യോഗ്യരെന്ന് കണ്ടെത്തിയ 26 പേർക്ക് ധനസഹായം നല്‍കുന്നതിന് നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. വായ്പാതുക അനുവദിക്കുന്നതിനായി 77,50,000 രൂപ സർക്കാർ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.