കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണം എന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഏറ്റവും ഒടുവിൽ പുനരുദ്ധാരണത്തിന് ശ്രമിക്കുന്നത് സി.എം.ഡി ബിജു പ്രഭാകറാണെന്നു മാത്രം. പക്ഷേ, മറ്റ് ഒരു മേധാവിമാരും പറയാത്ത ഒരു പ്ളാൻ അദ്ദേഹം വാർത്താസമ്മേളനത്തിൽ പങ്കുവച്ചു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പദ്ധതികൾ വിജയിച്ചാൽ യാത്രാ നിരക്ക് കുറയ്ക്കാൻ സാധിക്കും. പിന്നെ ഓണത്തോടെ ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധന ഉണ്ടാകും. ആദ്യത്തേത് പൊതുജനത്തിനും രണ്ടാമത്തേത് ജീവനക്കാർക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ.
പക്ഷേ, ഇത്തരം പദ്ധതികളൊക്കെ പറയുമ്പോൾ കിലുക്കത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണി പറഞ്ഞതു പോലെ 'ഉം അതൊക്കെ കുറെ കേട്ടിട്ടുണ്ട്...' എന്നാണ് ജനം പറയുന്നത്. പറഞ്ഞതൊന്നും നടപ്പിലാകാതെ വരുമ്പോഴുണ്ടാകുന്ന പുച്ഛമാണിത്. കെ.എസ്.ആർ.ടിസി രക്ഷപ്പെടണമെങ്കിൽ ആദ്യം ഭരിക്കുന്നവർ തന്നെ വിചാരിക്കണം. എന്തെങ്കിലും പരിഷ്കാരം നടപ്പിലാക്കി വരുമ്പോൾ തൊഴിലാളി നേതാക്കൾ വന്ന് സമ്മർദ്ദം ചെലുത്തുന്നതിന്റെ പേരിൽ എം.ഡിമാരെ മാറ്റി മാറ്റി ഇറക്കിയാൽ ഈ വണ്ടി കാറ്റും പോയി ക്ളച്ചും പോയി വഴിയിൽ കിടക്കുകയേ ഉള്ളൂ. നേട്ടം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മേധാവിയാണെങ്കിൽ കുറഞ്ഞത് മൂന്നു വർഷത്തേക്കെങ്കിലും ആ സീറ്റിൽ നിന്നും പറഞ്ഞുവിടരുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജമാണിക്യത്തെ എം.ഡിയാക്കിയത് ഈ സർക്കാരിന്റെ മികച്ച തീരുമാനമായിരുന്നു. അതിലുറച്ചു നിൽക്കാൻ പക്ഷേ, സർക്കാരിനു കഴിഞ്ഞില്ല.
ടിക്കറ്റിതര വരുമാനം കൂട്ടി നഷ്ടം മൂന്നു വർഷം കൊണ്ട് ഇല്ലാതാക്കുക, പൊതുഗതാഗതം എല്ലായിടത്തും ലഭ്യമാക്കുന്നതോടൊപ്പം ടിക്കറ്റ് നിരക്ക് കുറയ്ക്കുക, ചില വിഭാഗങ്ങൾക്ക് സൗജന്യ യാത്ര സാദ്ധ്യമാക്കുക തുടങ്ങിയവയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി മേധാവിയായ ബിജു പ്രഭാകറിന്റെ പദ്ധതികൾ. പരസ്യം, വാടക തുടങ്ങിയ ഇനങ്ങളിൽ കിട്ടുന്ന പണമാണ് ടിക്കറ്റിതര വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച ടിക്കറ്റിതര വരുമാനം 17.45 കോടി രൂപയാണ്. ഇത് നൂറു കോടി രൂപയിലെത്തിച്ചാൽ മാത്രമേ നഷ്ട ക്കണക്കിൽ കുറവുണ്ടാകൂ.
ഹോട്ടൽ, ബിയർ ഓൺ വീൽ
നൂറു കോടി ലക്ഷ്യത്തിന് ഇപ്പോൾ കെ.ടി.ഡി.എഫ്.സിയുമായി ചേർന്ന് നിർമ്മിച്ചുയർത്തിയതുപോലുള്ള സമുച്ചയങ്ങൾ മതിയാകില്ല. വരുമാനം തുല്യമായി പങ്കിടാനാണ് തമ്പാനൂർ ഉൾപ്പെടെ വാണിജ്യസമുച്ചയങ്ങൾ കെ.എസ്.ആർ.ടി.സി ഭൂമിയിൽ കെ.ടി.ഡി.എഫ്.സി നിർമ്മിച്ചത്. കെ.ടി.ഡി.എഫ്.സിക്ക് പണം നൽകാനുള്ളതുകൊണ്ട് വരുമാനം പങ്കിടൽ നടക്കുന്നുമില്ല. മൂന്നാറിൽ കെ.ടി.ഡി.സിയുമായി ചേർന്ന് ഹോട്ടൽ നിർമ്മിക്കുന്ന പദ്ധതിയാണ് ഇപ്പോൾ പരിഗണനയിലുളളത്. ഇവിടെ കോർപ്പറേഷൻ ഭൂമിയിൽ ഹോട്ടലുയരുമ്പോൾ ലാഭത്തിന്റെ പത്ത് ശതമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമെന്നാണ് ധാരണ. അതിന് ഹോട്ടൽ നിർമ്മിക്കണം. അത് ലാഭത്തിലെത്തണം. അപ്പോൾ തന്നെ കിട്ടുന്നത് പത്ത് ശതമാനവും.
ഷോപ്പ് ഓൺ വീൽസ് എന്ന പദ്ധതി പെട്ടെന്ന് വരുമാനം വന്നു ചേരുന്നതാണ്. ഇപ്പോൾ 'മിൽമ'യ്ക്കുൾപ്പെടെ 'ബസ് ഷോപ്പു'കൾ കൈമാറി കഴിഞ്ഞു. ഭാവിയിൽ 'ബിയർ ഓൺ വീൽസ്' എന്ന പേരിൽ സഞ്ചരിക്കുന്ന ബിയർ ഷോപ്പുകളും വന്നേക്കാം. കെ.എസ്.ആർ.ടി.സിയുടെ ഡീസൽ പമ്പുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കേണ്ടിയും വരും.
സർക്കാറിന്റെ ഔദ്യോഗിക കൊറിയർ സർവീസ് തുടങ്ങാനുള്ള പദ്ധതി കെ.എസ്.ആർ.ടി.സി തയ്യാറാക്കിയിട്ടുണ്ട്. ടിക്കറ്റിതര വരുമാനം കൂട്ടാൻ ഇതുവരെ ഒരു എം.ഡിയും പോകാത്ത വഴിലൂടെയൊക്കെ ബിജു പ്രഭാകർ പോയാലെ വരുമാനം വരൂ. മറ്റ് മേധാവിമാരെ അപേക്ഷിച്ച് ബിജു പ്രഭാകറിനുള്ള മുൻതൂക്കം അദ്ദേഹം ഗതാഗത വകുപ്പ് സെക്രട്ടറി കൂടിയായി എന്നതാണ്.
ഓപ്പറേഷൻ പരാജയപ്പെട്ടാലെന്തു ഫലം
ഓപ്പറേഷൻ വിഭാഗത്തിന്റെ പിടിപ്പുകേടാണ് പലപ്പോഴും പല റൂട്ടുകളിലും ബസുകളുടെ ക്ഷാമത്തിനും അതിലൂടെ ജനങ്ങളുടെ പരാതികൾക്കും ഇടയാക്കുന്നത്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തു നിന്നും എറണാകുളത്തേക്ക് ഇപ്പോൾ ആവശ്യത്തിന് ബസ് സർവീസില്ല. ഈ അവസരം മുതലാക്കുന്നത് സ്വകാര്യബസുടമകളാണ്. കെ.എസ്.ആർ.ടി.സി ക്കു മാത്രമായി കിട്ടിയ ദേശസാൽകൃത റൂട്ടുകളിൽ പകുതിയിലേറെയും സ്വകാര്യന്മാർ കടന്നു കയറി ഓടുന്നു. കോഴിക്കോട്- കണ്ണൂർ റൂട്ട് പൂർണമായും സ്വകാര്യന്മാരുടെ കൈയ്യിലാണ്. കോട്ടയത്താണെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ സ്വകാര്യബസ് ജീവനക്കാർ തല്ലിയ സംഭവവും ഉണ്ടായി.
നേടിയ റൂട്ടുകളിൽ കൃത്യമായി ബസ് സർവീസ് കെ.എസ്.ആർ.ടി.സി നടത്താത്തതാണ് പ്രശ്നങ്ങൾക്കൊക്കെ കാരണം. യാത്രക്കാർ പ്രൈവറ്റെന്നോ കെ.എസ്.ആർ.ടി.സിയെന്നോ നോക്കില്ല. സമയത്ത് ഏതു ബസ് കിട്ടുന്നോ അതിൽ കയറി പോകും.
(തുടരും)