ജനങ്ങളിലാരും തന്നെ സമയം പോക്കാനായി ഏതെങ്കിലും സർക്കാർ ഓഫീസിൽ കയറിയിറങ്ങാറില്ല. ഓരോ സന്ദർശനത്തിനു പിന്നിലും കൃത്യമായ കാരണം കാണും. ഒട്ടുമിക്ക അവസരങ്ങളിലും അപേക്ഷയോ പരാതിയോ ആയി ബന്ധപ്പെട്ട നടപടി എത്രത്തോളമായി എന്ന് അറിയാൻ വേണ്ടിയായിരിക്കും. അപേക്ഷ സമർപ്പിച്ചശേഷം അതിനു പിന്നാലെ ആൾ എത്തിയില്ലെങ്കിൽ ഫയൽ നീങ്ങുകയില്ലെന്ന ധാരണ സൃഷ്ടിച്ചത് സർക്കാർ ഓഫീസുകൾ തന്നെയാണ്. അതുകൊണ്ട് സർക്കാർ ഓഫീസുകളിൽ സന്ദർശകരെ അകറ്റിനിറുത്താൻ ശ്രമിക്കുന്നത് ജനാധിപത്യ ഭരണ വ്യവസ്ഥയ്ക്കു ഒട്ടും നിരക്കുന്നതല്ല. ഇത് ഇപ്പോൾ പറയാൻ കാരണം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സന്ദർശകർ നേരിടുന്ന ദുരനുഭവം ശ്രദ്ധയിൽപ്പെട്ടതാണ്. കഴിഞ്ഞ മാർച്ചിൽ കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തിൽ എല്ലായിടത്തും ബാധകമാക്കിയ സന്ദർശക നിരോധനം സെക്രട്ടേറിയറ്റിലും ഏർപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരിൽത്തന്നെ ഏറ്റവും അത്യാവശ്യമായ വകുപ്പുകളിലെ ഏറ്റവും കുറവ് ആൾക്കാർ മാത്രം ഹാജരായാൽ മതിയെന്നായിരുന്നു കല്പന. കൊവിഡ് നിയന്ത്രണങ്ങളിൽ അയവു വരാൻ തുടങ്ങിയപ്പോഴാണ് സർക്കാർ ഓഫീസുകളും സജീവമായത്. ശനി അവധിയും ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. എല്ലാം പഴയപടിയായതോടെ കാര്യങ്ങൾ അന്വേഷിക്കാനും തീർപ്പ് വേഗത്തിലാക്കാനുമായി അന്വേഷകർ കൂടുതലായി എല്ലാ ഓഫീസുകളിലും എത്തിത്തുടങ്ങിയിട്ടുണ്ട്. തീരുമാനമാകാതെ കിടക്കുന്ന അപേക്ഷകൾ ഒട്ടുമിക്ക ഓഫീസുകളിലും ധാരാളമുണ്ടാകും. ഇത്രയും കാലം കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി തീരുമാനം നീട്ടിക്കൊണ്ടുപോകാമായിരുന്നു. സ്ഥിതി മെച്ചപ്പെട്ടതോടെ അതിനുള്ള സാദ്ധ്യത ഇല്ലാതായിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഉൾപ്പെടെ എല്ലാ ഓഫീസുകളിലും ആൾക്കാർ കൂട്ടത്തോടെ വിവരങ്ങൾ തേടി എത്തുന്നതിന്റെ പശ്ചാത്തലം ഇതാണ്.
കൊവിഡിനു പുറമെ സുരക്ഷാ കാരണങ്ങളാലും സെക്രട്ടേറിയറ്റിൽ സാധാരണ സന്ദർശകർക്ക് ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ അത് അസഹനീയമായ നിലയിലായിക്കഴിഞ്ഞു എന്നാണ് പൊതുജനങ്ങളിൽ നിന്നുയരുന്ന പരാതി. സന്ദർശകരെ തടഞ്ഞ് തിരിച്ചയയ്ക്കാൻ സുരക്ഷാഭടന്മാരുടെ വലിയൊരു പടയെത്തന്നെയാണ് നാലുചുറ്റും നിയോഗിച്ചിരിക്കുന്നത്. ഇവരുടെ കണ്ണുരുട്ടലും ചോദ്യം ചെയ്യലുമൊക്കെ നേരിട്ടു വേണം ഗേറ്റ് കടക്കാൻ. അകത്തുള്ളവരുടെ അനുമതി ലഭിച്ചാലേ സെക്‌ഷനുകളിൽ കടക്കാൻ കഴിയൂ. കാസർകോട് മുതലായ ദൂരദിക്കുകളിൽ നിന്നുപോലും ദിവസേന നൂറുകണക്കിനു സന്ദർശകർ ഓരോ കാര്യവുമായി സെക്രട്ടേറിയറ്റിൽ എത്താറുണ്ട്. നിവേദനങ്ങൾ നൽകാനും നേരത്തെ നൽകിയ അപേക്ഷയിൽ തീരുമാനമായോ എന്നറിയാനും മറ്റുമായാണ് അധികം പേരും എത്തുന്നത്. സെക്രട്ടേറിയറ്റിലെ പുതിയ നിയന്ത്രണങ്ങൾ സാധാരണ സന്ദർശകർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഏറെ പരാതികൾ ഉയർന്നിട്ടും ഇതിനൊരു നീക്കുപോക്കുണ്ടാക്കാൻ നടപടിയെടുക്കാത്തത് വലിയ കഷ്ടമാണ്. സന്ദർശകരുടെ തിരക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി ഒഴിവാക്കേണ്ടത് ആവശ്യമാണെന്നു സമ്മതിക്കാം. എന്നാൽ സന്ദർശകർക്ക് അവർ അന്വേഷിക്കുന്ന കാര്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാനുള്ള ബാദ്ധ്യത ആരെങ്കിലും ഏറ്റെടുക്കേണ്ടതല്ലേ? പരിചയക്കാരായ ഉദ്യോഗസ്ഥർ അകത്തുണ്ടെങ്കിൽ മാത്രമേ കാര്യം നടക്കുകയുള്ളൂ എന്നു വരുന്നത് എന്തൊരു ഗതികേടാണ്. സാധാരണക്കാർ സുരക്ഷാഭടന്മാർക്കു മുന്നിൽ ചൂളിനിൽക്കുമ്പോൾ സ്വാധീനമുള്ളവർ ഒരു കൂസലുമില്ലാതെ നിർബാധം സെക്‌ഷനുകളിൽ കയറിയിറങ്ങുന്നതും കാര്യം കണ്ടു മടങ്ങുന്നതും ഇവരുടെ മുമ്പിൽക്കൂടിയാണ്. സന്ദർശക നിയന്ത്രണം കർക്കശമാക്കിയതിനൊപ്പം അന്വേഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാര നടപടിക്കുള്ള സംവിധാനം കൂടി ഏർപ്പെടുത്തുകയാണു വേണ്ടത്. കാര്യങ്ങൾ തിരക്കാൻ വരുന്ന പൗരന്മാരെ ആട്ടിപ്പായിക്കുന്ന പ്രവണത ജനായത്ത ഭരണകാലത്ത് ഭൂഷണമല്ല.
സെക്രട്ടേറിയറ്റിൽ മാത്രമല്ല ജനങ്ങളുമായി ഏറെ അടുത്തു ബന്ധമുള്ള മറ്റ് സർക്കാർ ഓഫീസുകളും പഴയ തിരക്കിലേക്കു വന്നിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ പലേടത്തും സന്ദർശക നിയന്ത്രണങ്ങളുമുണ്ട്. മുടങ്ങിക്കിടക്കുന്ന അപേക്ഷകളിൽ തീരുമാനമെടുപ്പിക്കാനായി ധാരാളം പേർ ദിവസേന ഇത്തരം ഓഫീസുകളിൽ കയറിയിറണ്ടേണ്ടിവരുന്നു. തിരഞ്ഞെടുപ്പ് ഏറെ അടുത്തെത്തിയതിനാൽ ഇനിയും വൈകിയാൽ ഏറെനാൾ കാത്തിരിക്കേണ്ടിവരുമെന്ന് ആളുകൾക്ക് അറിയാം. ഇനിയുള്ള ആഴ്ചകൾ അതുകൊണ്ടുതന്നെ എല്ലാ സർക്കാർ ഓഫീസുകളിലും സന്ദർശക ബാഹുല്യം കൂടാനാണു സാദ്ധ്യത.
ജനങ്ങൾ പരമാവധി സർക്കാർ ഓഫീസുകളിൽ നേരിട്ട് എത്താതിരിക്കാൻവേണ്ടി നടപ്പാക്കിയ ഇ - ഗവേണൻസ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ വളരെയധികം പ്രയോജനമുണ്ടാകുമായിരുന്നു. ഒട്ടേറെ വകുപ്പുകളിൽ പുതിയ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നാണു കേൾവി. എന്നിട്ടും ഓഫീസുകളിലെ സന്ദർശക തിരക്കിന് ഒരു കുറവുമില്ല. ഫയലുകളിൽ സത്വര തീരുമാനമുണ്ടാകുന്നില്ല എന്നാണ് ഇതു കാണിക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ നിശ്ചിത സമയത്തിനകം തീരുമാനം കാണാതെ വരുമ്പോഴാണ് അപേക്ഷകൻ ബന്ധപ്പെട്ട ഓഫീസിലേക്ക് ഓടുന്നത്. ഇതിനു മാറ്റമുണ്ടാക്കുകയാണു ആദ്യം ചെയ്യേണ്ടത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത സന്ദർഭത്തിൽ ഇക്കാര്യം പ്രത്യേകം അനുസ്മരിപ്പിച്ചിരുന്നു. ഓരോ ഫയലിനു പിന്നിലുമുള്ള മനുഷ്യജീവിതങ്ങളെ കാണാതെ പോകരുതെന്നും എടുത്തുപറഞ്ഞതാണ്. നിർഭാഗ്യവശാൽ ഇപ്പോഴും സെക്രട്ടേറിയറ്റിൽ മാത്രമല്ല മറ്റിടങ്ങളിലും സ്ഥിതി വലുതായി മെച്ചപ്പെട്ടതായി തോന്നുന്നില്ല. വിവരങ്ങൾ തേടി ഓഫീസുകളിൽ എത്തേണ്ടിവരുന്ന പൗരന്മാർക്ക് അവഗണനയും അധിക്ഷേപവുമാണ് പലപ്പോഴും നേരിടേണ്ടിവരുന്നത്.