neyyattinkara

തുക അനുവദിച്ചത് - ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂമി സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ വീട് വയ്ക്കുന്നത് നീളും

നെയ്യാറ്റിൻകര: പോങ്ങിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ മക്കളായ രാഹുലിനും രഞ്ജിത്തിനും വീട് വയ്ക്കുന്നതിന് സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ചു.

തുക അനുവദിച്ചെങ്കിലും ഭൂമിയെ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ വീട് വയ്ക്കുന്നത് നീളും.

രണ്ടു ദിവസം മുൻപാണ് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനുളള തുകയായ പത്ത് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രഹ്മത്തുള്ളയ്ക്ക് ലഭിച്ചത്. തുക അനുവദിച്ചതായി സെക്രട്ടറി ഇവരെ അറിയിക്കുകയും ചെയ്തു.

അച്ഛനെയും അമ്മയെയും അടക്കം ചെയ്ത ഭൂമിയിൽ തന്നെ വീടു വയ്ക്കണമെന്നാണ് രാഹുലും രഞ്ജിത്തും ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ ഭൂമിയെ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തർക്കം പരിഹരിച്ചശേഷം മാത്രമേ വീടു പണി തുടങ്ങാനാവുകയുള്ളുവെന്ന് സെക്രട്ടറി അറിയിച്ചു. തർക്കഭൂമിയിൽ വീട് വയ്ക്കാനായില്ലെങ്കിൽ മറ്റ് സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്ന് കാട്ടി സെക്രട്ടറി സർക്കാരി കത്തും നൽകിയിട്ടുണ്ട്.