പാലോട്: തലചായ്ക്കാൻ സ്വന്തമായി ഭൂമി നൽകാമെന്ന് വാഗ്ദാനം നൽകി മൂപ്പതോളം കുടുംബങ്ങളെ ചെറ്റച്ചൽ ഡെയറി ഫാമിന്റെ വസ്തുവിൽ എത്തിച്ചിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. മാറിവരുന്ന സർക്കാരുകൾ ഇവരുടെ ആഗ്രഹത്തോട് വിമുഖത കാട്ടാൻ തുടങ്ങിയിട്ട് അത്രതന്നെ കാലങ്ങളായി. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ 2003ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് ചെറ്റച്ചൽ ഡെയറി ഫാമിന്റെ 28 ഹെക്ടർ സ്ഥലം പതിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി അന്നത്തെ പ്രതിപക്ഷ പാർട്ടി ഇവരെ ഫാമിന്റെ സ്ഥലത്ത് എത്തിക്കുന്നത്. ഇതിൽ ലക്ഷ്മിക്കുട്ടി അമ്മ(94), ഗോപാലകൃഷ്ണൻ കാണി(72), രാമചന്ദ്രൻ കാണി(70), ഗീത(55), രാജേന്ദ്രൻ കാണി(65), ഗംഗാധരൻകാണി(65) അങ്ങനെ നിരവധിപേർ ഉൾപ്പെടും.
നന്ദിയോട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽ രണ്ടും മൂന്ന് സെന്റിൽ കഴിഞ്ഞ കുടുംബങ്ങൾ, തങ്ങളുടെ മക്കളുടെ പഠനം വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് ഭൂമി വിറ്റവർ, സ്വന്തമായി ഒരു സെന്റ് പോലും ഇല്ലാതായതോടെ കാട്കയറി നശിക്കാൻ തുടങ്ങിയ ഡെയറി ഫാമിന്റെ സ്ഥലത്ത് കുടിൽകെട്ടി ഈ കുടുംബങ്ങളെ താമസിപ്പിച്ചു. ഭൂമിസ്വന്തമായി പതിച്ച് നൽകാൻവേണ്ടി ഇവരെക്കൊണ്ട് അനിശ്ചിതകാലസമരവും നടത്തി. അന്നാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ മുപ്പതോളം കുടുംബങ്ങൾ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ ടാർപോളിൻ മേഞ്ഞ കുടിലുകളിൽ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ്.
ആരാലും സംരക്ഷണമില്ലാതെ അടച്ചുറപ്പില്ലാത്ത വീടുകളിൽ അന്തിയുറങ്ങുന്ന ഈ പാവങ്ങളുടെ നരകതുല്യമായ ജീവിതമാണ് ഈ കുടുംബങ്ങൾ നയിക്കുന്നത്. 19 വർഷമായി യാതൊരുവിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവർക്കെങ്കിലും എത്തിക്കാൻ സമരത്തിലേക്ക് വഴിയൊരുക്കിയവർ പോലും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ ഇരയായത് വാഗ്ദാനങ്ങൾ വിശ്വസിച്ച് സമരത്തിനെത്തിയ മുപ്പതോളം കുടുംബങ്ങളാണ്.
ആനുകൂല്യങ്ങളും അന്യം
ഭൂമി പതിച്ചു കിട്ടാത്തതിനാൽ റേഷൻ ആനുകൂല്യങ്ങൾ പോലും ഇവർക്ക് അന്യമാണ്. താമസിക്കുന്ന ഭൂമിക്ക് യാതൊരു രേഖകളുമില്ല. ചോർന്നൊലിക്കുന്ന കൂരകളിലാണ് ഇവരുടെ താമസം എന്നിട്ടും ലൈഫ് പദ്ധതിയിലും പേരില്ല. വീട്ടുനമ്പർ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മരണപ്പെടുന്നവർ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെത്തന്നെ.
കൈ മലർത്തി അധികൃതർ
അടച്ചുറപ്പുള്ള ഒരു വീടിനായ് തട്ടാത്ത വാതിലുകളില്ല. കുടിലുകളിലാണ് താമസമെങ്കിലും വീട്ടുനമ്പരിനായി വിതുര പഞ്ചായത്തിൽ എത്തിയ ഇവർക്ക് മുന്നിൽ അധികാരികൾ കൈമലർത്തുകയാണുണ്ടായത്. അവഗണന മാത്രം ലഭിക്കുന്ന ഇവർക്ക് ഭൂമിയുമില്ലാത്ത അവസ്ഥയാണുള്ളത്. 2013 ഏപ്രിൽ 21ന് ആരംഭിച്ച സമരം 19 വർഷം ആകുമ്പോഴും അവഗണിക്കപ്പെട്ടവരായി കഴിയാനാണ് ഈ മുപ്പതു കുടുംബങ്ങളുടേയും ദുർഗതി.
പ്രതികരണം
പൊട്ടൻചിറ സമരഭൂമിയിലെ മുപ്പതോളം കുടുംബങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരാ അടിയന്തരമായി സർക്കാർ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം
ജി. സുരേന്ദ്രൻ നായർ, മെമ്പർ,
ഗ്രാമപഞ്ചായത്ത്, വിതുര