
വെള്ളറട: പനച്ചമൂട് മാർക്കറ്റിൽ ചീഞ്ഞതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ വിറ്റഴിക്കുന്നുണ്ടെന്ന പരാതി പതിവാണ്. എന്നാൽ കൊവിഡിനെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഉപയോഗശൂന്യമായ മത്സ്യങ്ങൾ കണ്ടെത്തുന്നതിന് പരിശോധന ഏർപ്പെടുത്തുകയും ചെയ്തതോടെ ഒരു പരിധിവരെ ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം കുറഞ്ഞിരുന്നു. എന്നാൽ ഫോർമാലിൻകലർന്നതും പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ മത്സ്യങ്ങളുടെ വില്പന വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും പരിശോധനകളൊന്നുമില്ലാതെയാണ് മാർക്കറ്റിൽ എത്തുന്നതെന്ന പരാതി ഉയരുന്നുണ്ട്. ഇവിടെയെത്തുന്ന മത്സ്യം ചെരുകിട വ്യാപാരികൾക്ക് കമ്മിഷൻ ഏജന്റുമാർക്കും ലേലം ചെയ്ത് നൽകുന്നത്. കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ചീഞ്ഞ മത്സ്യം മാർക്കറ്റിൽ തോന്നിയ വിലയ്ക്കാണ് വില്ക്കുന്നത്. കൊവിഡ്കാലത്ത് ചീഞ്ഞ ചൂരയുമായെത്തിയവർ മാർക്കറ്റിലെ മറ്റ് വ്യാപികളുടെ പ്രതിഷേധം ശക്തമായതോടെ സ്ഥലം വിട്ടു. അതിനുശേഷം മാർക്കറ്റിലെത്തിയ ചീഞ്ഞ ചൂര ആരോഗ്യപ്രവർത്തകർ കണ്ടെത്തി കുഴിച്ചുമൂടി.
കിറ്റും കാണാനില്ല
മത്സ്യത്തിൽ ഫോർമാലിനും ആമോണിയയും കലർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ആൻഡ് ടെക്നോളജി വികസിപ്പിച്ചെടുത്ത കിറ്ര് സർക്കാർ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യം ഈ കിറ്റ് ഉപയോഗിച്ചെങ്കിലും മാസങ്ങളായി കിറ്റ് മാർക്കറ്റിന്റെ പരിസരത്തുപോലും ഇല്ല.
കൂട്ടായി രോഗങ്ങളും
കഴിക്കുന്ന മീനിനൊപ്പം ഫോർമാലിൻ കൂടി ശരീരത്തിൽ എത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഇത് ചെറിയ അളവിലാണെങ്കിൽപ്പോലും ശരീരത്തിനുള്ളിൽ എത്തിയാൽ വിഷമായി പ്രവർത്തിക്കും. തുടർച്ചയായി ഇത്തരത്തിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഫോർമാലിൻ ഉപയോഗിച്ച മത്സ്യത്തിൽ നിന്നും അത് പൂർണമായും മാറ്റാൻ കഴിയില്ല. മത്സ്യം എത്രകഴുകിയാലും ഏതൊല്ലാം ലായനികളിൽ മുക്കിവച്ചാലും എന്തിന് പാചകം ചെയ്താൽ പോലും ഫോർമാലിന്റെ വിഷാംശം മാറില്ല.