bigfoot

സാങ്കല്പിക ജീവിയായ ബിഗ്ഫൂട്ടിനെ കണ്ടെത്തുന്നതിന് ബില്ലുമായി അമേരിക്കയിലെ ഒരു ജനപ്രതിനിധി രംഗത്ത്.കഴിഞ്ഞ ദിവസമാണ് ഒക്‌ലഹോമയിലെ ജനപ്രതിനിധിയംഗവും റിപ്പബ്ലിക്കൻ നേതാവുമായ ജസ്റ്റിൻ ഹംഫ്രെ വിചിത്ര ബില്ലുമായി രംഗത്തെത്തിയത്. ' ബിഗ്ഫൂട്ട് ഹണ്ടിംഗ് സീസൺ ' എന്ന പേരിൽ ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതി ആരംഭിക്കാൻ ഒക്‌ലഹോമ വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മിഷനോട് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ലാണിത്.

കമ്മിഷന് ബിഗ്ഫൂട്ട് ഹണ്ടിംഗ് സീസണായുള്ള വാർഷിക തീയതികൾ പ്രഖ്യാപിക്കാമെന്നും ബിഗ്ഫൂട്ടിനെ തിരഞ്ഞെത്തുന്ന ടൂറിസ്റ്റുകൾക്ക് നിശ്ചിത ഫീസും ലൈസൻസും ഏർപ്പെടുത്താമെന്നും ബില്ലിൽ പരാമർശിക്കുന്നു. അതേ സമയം, ബിഗ്ഫൂട്ട് എന്നൊരു ജീവി ശരിക്കും ഇല്ലെന്നും വെറും കെട്ടുകഥ മാത്രമാണെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. തികച്ചും സാങ്കല്പികമായ ഇതിന് വേണ്ടി ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ട്.

ഹിമാലയത്തിലെ യതിയെ പോലെ അമേരിക്കയിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു നിഗൂഢ ജീവിയാണ് ബിഗ്ഫൂട്ട്. ഏഴടിയോളം നീളവും പകുതി മനുഷ്യന്റെയും പകുതി ആൾക്കുരങ്ങിന്റെയും രൂപമുള്ള രോമാവൃതമായ ശരീരത്തോടുകൂടിയ ബിഗ്ഫൂട്ടിനെ കണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേ‌ർ രംഗത്തെത്തിയിട്ടുണ്ട്. നോർത്ത് കാരലീന, ജോർജിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ വനമേഖലയിലൊക്കെ ബിഗ്ഫൂട്ടിന്റെ സാന്നിദ്ധ്യം അവകാശപ്പെട്ട് പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകളില്ല.

ഫെബ്രുവരി 1ന് ഒക്‌ലഹോമ നിയമനിർമാണ സഭയിൽ ബില്ല് അവതരിപ്പിക്കും. പദ്ധതിയിലൂടെ നദികളും മരങ്ങളും മലനിരകളും നിറഞ്ഞ തെക്ക് കിഴക്കൻ ഒക്‌ലഹോമയിൽ ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് ജസ്റ്റിൻ ഹംഫ്രെയുടെ അവകാശവാദം. എന്നാൽ വന്യജീവി വകുപ്പ് ഇതിനോട് മുഖം തിരിച്ചിരിക്കുകയാണ്.