p-c-george

ശാസനകളേറ്റു വാങ്ങാൻ പി.സി. ജോർജ്ജിന്റെ ജീവിതം പിന്നെയും ബാക്കിയുണ്ട് എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവരാരും നിഷേധിക്കാനിടയില്ല. ഇതൊരു പ്രത്യേക ജനുസ്സാണ് എന്ന് കഴിഞ്ഞൊരു ദിവസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജോർജ്ജിന് കൂടി മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാവുന്നതാണ്.

കന്യാസ്ത്രീയെ അവഹേളിച്ചതിന് ജോർജ്ജിനെ നിയമസഭ ശാസിച്ചു. പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശയനുസരിച്ച് ശാസനാപ്രമേയം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശൂന്യവേളയിൽ അവതരിപ്പിച്ചു. സമൂഹത്തിന് മാതൃകയാവേണ്ട പൊതുപ്രവർത്തകനിൽ നിന്ന് പാടില്ലാത്തത് എന്നാണ് ജോർജ്ജിന്റെ പ്രവർത്തിയെ സഭാസമിതിയും സ്പീക്കറും വിലയിരുത്തിയത്. ശാസനയെ വളരെ ആദരവോടെ സ്വീകരിക്കുന്നതായി ജോർജ്ജ് എഴുന്നേറ്റ് നിന്ന് പറഞ്ഞു. ശാസനാപ്രമേയത്തിൽ കന്യാസ്ത്രീയെ അവഹേളിച്ചുവെന്ന് പറഞ്ഞതിനോട് ജോർജ്ജിന് യോജിപ്പില്ല. താനിവിടെ ളോഹയിട്ട് വന്ന് നിന്നാൽ വൈദികനാകുമോ എന്ന യുക്തി കന്യാസ്ത്രീക്കും അദ്ദേഹം ബാധകമാക്കി. സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ത്രീ കന്യാസ്ത്രീ ആകുന്നതെങ്ങനെ?

കന്യാസ്ത്രീ ആയാലും അല്ലെങ്കിലും സ്ത്രീകളെ അവഹേളിച്ചതിനാണ് ശാസനാ തീരുമാനമെന്ന് സ്പീക്കർ വ്യക്തമാക്കി. കഴിഞ്ഞ പതിമൂന്നാം നിയമസഭയിൽ സ്പീക്കറായിരുന്ന എൻ. ശക്തനിൽ നിന്ന് ശാസനയേറ്റുവാങ്ങിയ ജോർജ്ജ് കൂടുതൽ ശാസനകളേറ്റു വാങ്ങാൻ അടുത്ത നിയമസഭയിലുമുണ്ടാകുമെന്നും കരുതാം. ഗൗരി അമ്മയെ അവഹേളിച്ചതിനാണ് കഴിഞ്ഞ സഭയിൽ ജോർജ്ജിന് ശാസന കിട്ടിയത്.

അവിടെ ശാസനയാണെങ്കിൽ ഇവിടെ ആദരം. നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കി സുവർണജൂബിലിയാഘോഷിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സഭ ആദരിച്ചു. ആദ്യം അനുമോദനമർപ്പിച്ചത് സ്പീക്കറാണ്. രാഷ്ട്രീയപ്രവർത്തനവും ജനകീയ ഇടപെടലുകളും തുടരാൻ ഉമ്മൻ ചാണ്ടിക്ക് ദീർഘായുസ്സ് മുഖ്യമന്ത്രി നേർന്നു. ജനങ്ങൾക്കൊപ്പം ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി കേരളരാഷ്ട്രീയത്തിലെ വിസ്മയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. സ്നേഹാദരമേറ്റുവാങ്ങാൻ സഭയിൽ പക്ഷേ ഉമ്മൻ ചാണ്ടിയുണ്ടായില്ല.

കിഫ്ബിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന നിർബന്ധബുദ്ധിയിലാണ് മന്ത്രി തോമസ് ഐസക്. "ഉരല് വലിച്ചു കിണറ്റിൽ മറിച്ചു, ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങ് കുളത്തിലെറിഞ്ഞു, അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു" എന്നതാണ് സി.എ.ജിയെന്ന് കേൾക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ മാനസികാവസ്ഥ. സി.എ.ജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരെയുള്ള 41 മുതൽ 43വരെ പേജുകൾ തള്ളാനുള്ള പ്രമേയം മുഖ്യമന്ത്രിയാണ് ഇന്നലെ അവതരിപ്പിച്ചത്.

കിഫ്ബി മുകളിലാകാശവും താഴെ ഭൂമിയും മാത്രമുള്ളത് എന്ന മട്ടിലുള്ള ഉരുപ്പടിയാണോയെന്ന് വി.ഡി. സതീശൻ സംശയിച്ചതിനെ കുറ്റം പറയാനാവില്ല. അടിയന്തരപ്രമേയമായും പ്രിവിലജസ് കമ്മിറ്റിയുടെ റിപ്പോർട്ടായും മുഖ്യമന്ത്രിയുടെ പ്രമേയമായുമൊക്കെ പല ഭാവത്തിൽ സഭ കിഫ്ബിയെയും സി.എ.ജിയെയും തിരിച്ചും മറിച്ചും മൂന്ന് ദിവസം ചർച്ച ചെയ്തിട്ടും ഒരു തീരുമാനത്തിലെത്താനായിട്ടില്ല!

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുന്നതിന് മുമ്പേ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നിരാകരിക്കുന്നത് ഭരണഘടനപ്രകാരമുള്ള നടപടിക്രമങ്ങളെ ദുർവ്യാഖ്യാനം ചെയ്യലാണെന്നും സംഗതി ഗുരുതരമാണെന്നും വി.ഡി. സതീശനും മറ്റും മുന്നറിയിപ്പ് നൽകി. എന്നിട്ടും മുഖ്യമന്ത്രിയുടെ 'സി.എ.ജി വിരുദ്ധ' പ്രമേയം സഭ അംഗീകരിക്കുകയുണ്ടായി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ, സഭയ്ക്ക് സി.എ.ജി റിപ്പോർട്ടിലെ ഉള്ളടക്കത്തിനെതിരെ നടപടിയെടുക്കാനാകുമെന്ന ഇലയ്ക്കും മുള്ളിനും കേട് വരാത്തൊരു തന്ത്രമാണ് സ്പീക്കർ പ്രയോഗിച്ചത്. പ്രതിപക്ഷം അതുൾക്കൊള്ളാനാവില്ലെന്ന് കടുപ്പിച്ചപ്പോൾ, ഭരണഘടനാപ്രശ്നം പരിശോധിക്കാമെന്ന് സമ്മതിച്ച് സ്പീക്കർ തടിയൂരി. ധനവിനിയോഗ ബില്ലും ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബില്ലും ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലാ ബില്ലും പാസ്സാക്കി സഭ പിരിഞ്ഞപ്പോൾ ഒരു നേരമായി.

ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന മട്ടിലാണ് പതിനാലാം സഭയുടെ അവസാനസമ്മേളനത്തിന് ശേഷമുള്ള ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വഴിപിരിയൽ. പതിവ് ഫോട്ടോയെടുപ്പൊന്നുമുണ്ടായില്ല. ഏഴ് സാമാജികരുടെ വേർപാടിന് സാക്ഷിയായ സഭയിൽ സർക്കാരിനെതിരായ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയവും വന്നതാണ് അപൂർവ്വത. അവസാനസമ്മേളനത്തിൽ പങ്കെടുക്കാനാവാതെ രണ്ട് സാമാജികർ ജയിലിലുമായി. കൊവിഡ് ബാധിച്ച് മന്ത്രി എ.കെ. ബാലനുൾപ്പെടെ അവസാനസമ്മേളനത്തിൽ വിട്ടുനിൽക്കേണ്ടിയും വന്നു. ഇ-സഭയും സഭാ ടി.വിയും 14ാം സഭയുടെ പുതിയ ഉല്പന്നങ്ങൾ.