തിരുവനന്തപുരം: സുരക്ഷ ശക്തമാക്കിയതോടെ വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തുന്നവർ അകത്തുകടക്കാനാകാതെ വലയുന്നു. മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ കാണണമെങ്കിൽ ഭാഗ്യം തുണയ്ക്കേണ്ട അവസ്ഥയാണ്. ഇല്ലെങ്കിൽ പുറത്ത് നിന്ന് കരഞ്ഞിട്ട് തിരിച്ചുപോകാം. നാല് ഗേറ്റിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സമരഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് കൻോൺമെന്റ് ഗേറ്റിൽക്കൂടി വരികയും പോവുകയും ചെയ്യാം. വൈ.എം.സി.എ ഗേറ്റിൽ കൂടി വാഹനങ്ങൾ അകത്തേക്ക് വിടില്ല. തെക്കേ ഗേറ്റിൽ സൂക്ഷ്മപരിശോധനയുണ്ട്. തിരിച്ചറിയൽ കാർഡ് കാണിച്ച് അത് ബോദ്ധ്യപ്പെട്ടാലേ അകത്ത് വിടൂ. ആരെ കാണാനാണോ എത്തുന്നത് ആ ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഉദ്യോഗസ്ഥരെ ആരെയും പരിചയമില്ലാത്ത ഒരാൾക്ക് സെക്രട്ടേറിയറ്റിൽ കടക്കാനാവില്ല എന്ന് സാരം. സന്ദർശകന്റെ പേരും മൊബൈൽ നമ്പരും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് ഗേറ്റ് കടത്തി വിടുന്നത്. ഇത് കടന്ന് സെക്രട്ടേറിയറ്റിന്റെ വിവിധ സെക്ഷനുകളിലേക്ക് പോകണമെങ്കിൽ പിന്നെയും കടമ്പകളേറെ. പൊതുജനങ്ങളെ മാത്രമല്ല, ജീവനക്കാരെയും തടഞ്ഞുനിറുത്തുകയാണ്. ഇവരെയും കർശന പരിശോധന നടത്തിയാണ് അകത്ത് കടത്തുന്നത്.
ജീവനക്കാർക്കും ദുരിതം
ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. ഇല്ലെങ്കിൽ പരിശോധന കടുക്കും. കഴിഞ്ഞ ദിവസം ഇങ്ങനെ ചില വനിതാ ജീവനക്കാരെ പരിശോധിച്ചത് പ്രതിഷേധത്തിനിടയാക്കി. ഒരു അഡിഷണൽ സെക്രട്ടറി മീറ്റിംഗിൽ പങ്കെടുക്കാനായി ഇറങ്ങിവന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞുനിറുത്തി. ഷർട്ടിന്റെ പോക്കറ്റിൽ വച്ചിരുന്ന തിരിച്ചറിയൽ കാർഡ് പുറത്തെടുത്ത് കാണിക്കണമെന്നായി. സർക്കാരിന്റെ ടാഗ് സഹിതമുള്ള തിരിച്ചറിയൽ കാർഡാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ കാർഡിന്റെ കാലാവധി നോക്കണമെന്നായി സുരക്ഷാ ജീവനക്കാരൻ.
അതൃപ്തി വർദ്ധിക്കുന്നു
ഈ രീതിയിൽ പരിശോധന മാറിയതിൽ ജീവനക്കാർ അതൃപ്തരാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തങ്ങളെ വിശ്വാസമില്ലാത്ത രീതിയിലായെന്നാണ് ഇവർ പറയുന്നത്. സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായപ്പോൾ രാഷ്ട്രീയക്കാരടക്കം പുറത്തുനിന്നുള്ളവർ തള്ളിക്കയറിയതിനെതുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ഓരോ ബ്ളോക്കുകളിലേക്ക് കടക്കുന്നതിനുള്ള സുരക്ഷ ഇനിയും കടുപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.