നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യത്തിന് വേണ്ടി ചെയ്ത നിസ്തുലമായ സേവനങ്ങൾ ഒരിക്കലും ചെറുതായി കാണാവുന്നതല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഒരു പാട് സ്മരണകൾ ചേർന്ന് ഉണ്ടായ ഒന്നാണ്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു നേതാജിയുടെ നേതൃത്വത്തിലുണ്ടായ ചെറുത്തുനിൽപ്പുകളും അർദ്ധസൈനിക സ്വഭാവമുള്ള പ്രവർത്തനങ്ങളുമെല്ലാം. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെ വിമർശനാത്മകമായി കാണുന്നവരുണ്ട്. ആ വിമർശനങ്ങൾ തെറ്റാണെന്ന് പറയാനുമാവില്ല. അതേസമയം സ്വാതന്ത്ര്യത്തിന ദ്ദേഹം നടത്തിയ വലിയ പരിശ്രമങ്ങളുടെ പ്രാധാന്യം ഇല്ലാതാവുന്നുമില്ല.
അന്നത്തെ സ്വാതന്ത്ര്യ സമരവഴികളും കോൺഗ്രസിന്റെ പ്രവർത്തനങ്ങളും ഊർജസ്വലമല്ലെന്നാണ് നേതാജി കരുതിയത്. അതുകൊണ്ട്, സ്വാതന്ത്ര്യ സമരത്തിൽ സായുധ മാർഗങ്ങളാകാം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദേശീയ പ്രസ്ഥാനത്തെ ഏകമുഖമായി കണ്ട് ശീലിച്ചത് കൊണ്ട് ഇത്തരം വ്യത്യസ്ത ധാരകളുടെ പ്രാധാന്യമോ ചരിത്രമോ വേണ്ട പോലെ പലപ്പോഴും നമ്മൾ അംഗീകരിച്ചിട്ടില്ല. അതിന്റെ പരിമിതി നമ്മുടെ ദേശീയ ചരിത്രത്തിൽ പ്രകടമാണ്. ഇന്ന് നേതാജിയുടെ പരിശ്രമത്തെ ഹൈന്ദവ രാഷ്ട്ര ബോധത്തിന് അനുയോജ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് തീർത്തും തെറ്റാണ്. അതിൽ നിന്ന് ഭിന്നമായി നേതാജിയെ കാണാനും മനസിലാക്കാനുമാണ് ശ്രമിക്കേണ്ടത്.
( ആഷ്ന കെ. ജോസഫിനോട് പറഞ്ഞത് )