തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾക്കും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് യുവാക്കൾക്കും നീന്തൽ പരിശീലനം നൽകുന്നുണ്ട്. ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി 3150 സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാഥമിക നീന്തൽ പരിശീലനം നൽകിയിട്ടുണ്ട്. പാഠ്യപദ്ധതിയിൽ നീന്തൽ പരിജ്ഞാനം ഉൾപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ട്.
സ്കൂബാ ഡൈവിംഗിൽ പ്രത്യേകം പരിശീലനം നൽകി ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് 14 പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി കേന്ദ്രമാക്കി ജലസുരക്ഷാ വിദഗ്ദ്ധ പരിശീലനകേന്ദ്രം ആരംഭിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും ലൈഫ് ഗാർഡുകളെ നിയമിച്ച് മുങ്ങിമരണങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായും സി. ദിവാകരന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
കേരളത്തിൽ 21 നദികളുടെ
ഭാഗങ്ങൾ മലിനം
തിരുവനന്തപുരം : കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനമനുസരിച്ച് കണ്ടെത്തിയ ഇന്ത്യയിലെ 351മലിന നദീ ഭാഗങ്ങളിൽ 21 എണ്ണം കേരളത്തിലാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇവയിൽ ഒന്നാംസ്ഥാനത്ത് തിരുവനന്തപുരത്തെ കരമന നദിയുടെ ഭാഗമാണ്. ഭാരതപ്പുഴ, കടമ്പ്രയാർ, കീച്ചേരി, മണിമല, പമ്പ എന്നീ അഞ്ചു നദികളുടെ ഭാഗങ്ങൾ നാലാം സ്ഥാനത്താണ്. ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവണ്ണൂർ, കവ്വായി, കപ്പം, കുറ്റിയാടി, മൊഗ്രാൽ, പെരിയാർ, പെരുവമ്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള എന്നീ 15 നദികളുടെ ഭാഗങ്ങളാണ് അഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഈ നദികളെ മാലിന്യമുക്തമാക്കാനും കുളിക്കാൻ തക്ക വിധം ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട് .കേന്ദ്രനിർദ്ദേശപ്രകാരം നടപ്പാക്കിയ മാലിന്യമുക്ത പരിപാടികളുടെ ഭാഗമായി 2020 ഡിസംബറിലെ കണക്ക് പ്രകാരം 15 റിവർ സ്ട്രച്ചുകൾ മെച്ചപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
സർക്കാർ തൊഴിലാളികളുടെ രക്ഷാകവചം: ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന തൊഴിൽ നിയമങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്ന് വന്നിട്ടുള്ള വിവിധ ട്രേഡ് യൂണിയനുകളുടെ പൊതുനിലപാടിനൊപ്പമാണ് സംസ്ഥാന സർക്കാരുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രനിയമത്തിനുള്ളിൽ നിന്ന് തൊഴിലാളികൾക്കായി എന്തെല്ലാം സംരക്ഷണ നടപടികൾ ചെയ്യാനാകുമോ അതെല്ലാം ചെയ്യും. സംസ്ഥാന സർക്കാർ തൊഴിലാളികളുടെ രക്ഷാകവചമായി പ്രവർത്തിക്കും. നിയമത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചായിരിക്കും നിലപാടെടുക്കുക. പുതിയ കേന്ദ്ര തൊഴിൽ നിയമങ്ങളുടെ പശ്ചാത്തലത്തിൽ അഡി. ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി നിയമങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ പദ്ധതികൾക്ക് 1.10 കോടി
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഗവേഷണം, വികസനം, പുനരധിവാസം, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കൽ, അദാലത്തുകളും സിറ്റിംഗുകളും സംഘടിപ്പിക്കൽ, ബോധവത്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചത്.
ലാൻഡ് ബാങ്കിലൂടെ
വാങ്ങിയത് 46.07 ഏക്കർ
തിരുവനന്തപുരം: ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം ആദിവാസിമേഖലകളോട് ചേർന്ന വാസയോഗ്യവും കൃഷിയോഗ്യവുമായ 46.07 ഏക്കർ സ്ഥലം വാങ്ങിയതായി മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. മലപ്പുറത്ത് 34 കുടുംബങ്ങൾക്ക് 5.2 ഏക്കറും കോഴിക്കോട് ഒരു കുടുംബത്തിന് 28 സെന്റും വയനാട് വെള്ളപ്പൊക്ക ഭീഷണി മൂലം മാറ്റിപ്പാർപ്പിക്കേണ്ടിവന്ന 171 കുടുംബങ്ങൾക്ക് 20.47 ഏക്കറും നൽകി. കോട്ടയത്ത് 2.15 ഏക്കർ, എറണാകുളത്ത് 6.24 ഏക്കർ, വയനാട് 7.34 ഏക്കർ, പാലക്കാട് 7.3കോഴിക്കോട് 3.79, കാസർകോട് 19.25 എന്നിങ്ങനെയാണ് ഭൂമി വാങ്ങിയത്.
കൂടാതെ പത്തനംതിട്ടയിൽ 5.50 ഏക്കറും വയനാട്ടിൽ 6.16 ഏക്കറുമുൾപ്പടെ 11.66 ഏക്കർ വാങ്ങാനുള്ള നടപടികൾക്ക് അംഗീകാരമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.