തിരുവനന്തപുരം: ഭരണ- പ്രതിപക്ഷങ്ങൾ വീറോടെ ഏറ്റുമുട്ടിയ നിരവധി പ്രക്ഷുബ്ധ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് പതിന്നാലാം കേരള നിയമസഭയുടെ കൊടി താഴ്ന്നു. അവസാന സമ്മേളനം ഇന്നലെ അവസാനിച്ചതോടെ ഇനി തിരഞ്ഞെടുപ്പ് ഗോദയിലാകും മുന്നണികളുടെ അങ്കം. സീറ്റ് വിഭജന, സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്കടക്കം മുന്നണികൾ ഉടൻ കടക്കും.
ആവനാഴിയിൽ മൂർച്ചയേറിയ അസ്ത്രങ്ങളുമായാണ് ഇരു പക്ഷവും പൊതുജന മദ്ധ്യത്തിലേക്കിറങ്ങുന്നത്. അടുത്തമാസം പകുതിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറങ്ങിയേക്കും. അതിന് മുമ്പേ കേരളം തിരഞ്ഞെടുപ്പ് ലഹരിയിലമരും.
രണ്ട് പ്രളയങ്ങളും കൊവിഡ് മഹാമാരിയും കേരളത്തെ വിഴുങ്ങിയ പ്രതിസന്ധികാലം താണ്ടിയാണ് പിണറായി സർക്കാർ കാലാവധി തികയ്ക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷനിൽ ആയിരം രൂപയുടെ വർദ്ധന അവസാന ബഡ്ജറ്റിലും നടപ്പാക്കിയാണ് സർക്കാരിന്റെ പടിയിറക്കം. ദുരിതകാലത്തെ ആനുകൂല്യങ്ങളുൾപ്പെടെ ക്ഷേമ, വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നീങ്ങുന്ന ഇടതുപക്ഷത്തെ ഇക്കാലയളവിലുയർന്ന ആരോപണപ്പെരുമഴ ആയുധമാക്കിയാണ് യു.ഡി.എഫ് നേരിടുന്നത്.
ലോക്ക് ഡൗൺ നാളുകളിൽ, സ്‌പ്രിൻക്ലർ കരാറിലെ ക്രമക്കേട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് വിശേഷിപ്പിച്ച് സി.പി.എം നേതൃത്വം കരാറിനെ ആ ഘട്ടത്തിൽ ന്യായീകരിച്ചെങ്കിലും പിന്നീട് സർക്കാർ ക്രമേണ അതിൽ നിന്ന് പിൻവലിഞ്ഞു. ഇടതുമുന്നണിയിൽ സി.പി.ഐയുടെ അതൃപ്തി ഇക്കാര്യത്തിൽ മറനീക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം കടത്തിയതിനെ ചുറ്റിപ്പറ്റിയുയർന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ പേരുൾപ്പെട്ടതോടെ പ്രതിപക്ഷം രാഷ്ട്രീയാക്രമണം കനപ്പിച്ചു. സർക്കാരും ഇടതുമുന്നണിയും തീർത്തും പ്രതിരോധത്തിലായ നാളുകളിൽ കൊവിഡ് നിയന്ത്രണങ്ങളെ മറികടന്നും കേരളത്തിൽ പ്രതിഷേധങ്ങളരങ്ങേറി. മുഖ്യമന്ത്രി ആദ്യമേ സസ്പെൻഡ് ചെയ്ത ശിവശങ്കർ ഒടുവിൽ അറസ്റ്റിലാവുകയും ചെയ്തു. ഒരു ഘട്ടം പിന്നിട്ടപ്പോൾ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം യഥാർത്ഥ കേസിൽ നിന്ന് വ്യതിചലിച്ചെന്നാരോപിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ വിവാദം മറ്റൊരു വഴിത്തിരിവിലെത്തി.
വിവാദങ്ങളെ മറികടക്കാൻ വികസനത്തിന്റെ രാഷ്ട്രീയം എടുത്തുപയറ്റിയ ഇടതുപക്ഷം, തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ പിടിവള്ളിയാക്കിയുള്ള പ്രത്യാക്രമണമാണ് അവസാന സമ്മേളനത്തിൽ നടത്തിയത്.
സ്വർണക്കടത്ത് കേസിന്റെ അനുബന്ധമായുയർന്ന വിവാദങ്ങളിൽ സ്പീക്കർക്കെതിരെ ആരോപണപ്പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞദിവസം സഭ ചർച്ചചെയ്ത അവിശ്വാസപ്രമേയം. സ്പീക്കറെ ഡയസിൽ നിന്ന് താഴെയിറക്കിയിരുത്തി രാഷ്ട്രീയം പറയിപ്പിക്കുന്നതിൽ വിജയിച്ചെന്ന് പ്രതിപക്ഷം പറയുമ്പോൾ, പ്രതിപക്ഷത്തെ അടിച്ചിരുത്താൻ പ്രമേയ ചർച്ചയിലൂടെ സാധിച്ചെന്ന് ഭരണപക്ഷം വിലയിരുത്തുന്നു. ഇതിന്റെ ബാക്കിപത്രം ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ പ്രതീക്ഷിക്കാം.