legislative-assembly

തിരുവനന്തപുരം: നാലേമുക്കാൽ വർഷത്തിനിടയ്ക്ക് 22 സമ്മേളനങ്ങൾ ചേരുകയെന്ന റെക്കാഡ് നേട്ടവുമായി പതിനാലാം കേരള നിയമസഭ ചരിത്രത്തിലേക്ക്. സർക്കാരിനെതിരായ അവിശ്വാസപ്രമേയവും സ്പീക്കർക്കെതിരായ പ്രമേയവും ചർച്ചയ്ക്കെടുക്കുന്ന അപൂർവതയ്ക്കും പതിനാലാം നിയമസഭ സാക്ഷിയായി.

നിയമസഭയുടെ അവസാനസമ്മേളനത്തിന്റെ ഒടുവിലത്തെ ദിവസത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് നിന്നുള്ള ഫോട്ടോസെഷൻ ഇത്തവണ ഒഴിവാക്കിയതും ശ്രദ്ധേയം. കൊവിഡ്കാല പരിമിതികൾ കണക്കിലെടുത്തും, മന്ത്രി എ.കെ. ബാലനുൾപ്പെടെ ഏതാനും അംഗങ്ങൾ കൊവിഡ് ബാധിച്ച് എത്താതിരുന്നതുമാണ് കാരണം. എന്നാൽ, അവസാന സമ്മേളനത്തിന്റെ തലേദിവസം സ്പീക്കർക്കെതിരെ കടുത്ത അവിശ്വാസം പ്രകടിപ്പിച്ച്, അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കാനാവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷം കൊണ്ടുവന്ന പശ്ചാത്തലത്തിൽ സ്പീക്കറും എല്ലാ അംഗങ്ങളും ഒരുമിച്ച് ചേർന്നൊരു ഫോട്ടോസെഷൻ ഒഴിവാകുന്നതിൽ മറ്റ് പല മാനങ്ങളുമുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് തിരഞ്ഞെടുപ്പ് ഒഴിവായത് കാരണം ഏഴ് വർഷം നീണ്ടുനിന്ന സഭാ സമ്മേളനത്തിൽ എട്ട് സിറ്റിംഗ് എം.എൽ.എമാരുടെ നിര്യാണമാണ് സംഭവിച്ചതെങ്കിൽ, പതിനാലാം സമ്മേളനകാലത്ത് കെ.വി. വിജയദാസിന്റേതുൾപ്പെടെ ഏഴ് സാമാജികരുടെ വേർപാടുണ്ടായി. ബി.ജെ.പി അക്കൗണ്ട് തുറന്നതും പതിനാലാം നിയമസഭയിലായിരുന്നു. ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാൽ പല വിഷയങ്ങളിലും സ്വീകരിച്ച നിലപാടുകൾ ബി.ജെ.പിക്കകത്തും പൊതുമദ്ധ്യത്തിലും ചർച്ചയായി. ഏറ്റവുമൊടുവിൽ കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ സഭ പാസാക്കിയ പ്രമേയത്തെ രാജഗോപാൽ അനുകൂലിച്ചതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്. നോട്ട് നിരോധനത്തിലും ബീഫ് നിരോധനത്തിലും പൗരത്വനിയമ ഭേദഗതിയിലും തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിലും കർഷക വിഷയത്തിലും കേന്ദ്രനയങ്ങൾക്കെതിരെ സഭ പ്രമേയം പാസാക്കിയപ്പോൾ, ജസ്റ്റിസ് സദാശിവത്തിന്റെ പിൻഗാമിയായെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളും വിവാദത്തിരയിളക്കി. പൗരത്വഭേദഗതി വിഷയത്തിൽ സഭാപ്രമേയത്തിനെതിരെ രംഗത്തെത്തിയ ഗവർണർ, നിയമസഭയിൽ നയപ്രഖ്യാപനത്തിൽ തന്റെ വിയോജിപ്പ് പരസ്യമാക്കി, സർക്കാരിന്റെ നിലപാട് വായിച്ചു. കർഷകവിഷയത്തിൽ സഭാസമ്മേളനം വിളിക്കാനുള്ള ശുപാർശ ആദ്യം നിരസിച്ചതും വിവാദമായി.

നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി കൊണ്ടാടിയ കെ.എം. മാണിയെയും ഉമ്മൻചാണ്ടിയെയും സഭ ആദരിച്ചു. കെ.എം. മാണിയെന്ന രാഷ്ട്രീയകുലപതിയുടെ വേർപാടും ഈ സഭാസമ്മേളനകാലത്തായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ കേരള കോൺഗ്രസ്-എം പി.ജെ. ജോസഫിന്റെയും, ജോസ് കെ.മാണിയുടെയും നേതൃത്വത്തിൽ വഴിപിരിഞ്ഞു. യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ.മാണി വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇടതുമുന്നണിയിലെത്തി. സഭയുടെ അവസാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോഴും, ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിലെ അയോഗ്യതാ തർക്കം തീർപ്പായിട്ടില്ല.

കടലാസ് രഹിത ഇ- നിയമസഭയ്ക്കും സഭാ ടി.വിക്കും തുടക്കമിട്ടും പതിനാലാം നിയമസഭ പുത്തനദ്ധ്യായം രചിച്ചപ്പോൾ, ധൂർത്തനെന്നാക്ഷേപിച്ച് സ്പീക്കറെ പ്രതിപക്ഷം വിചാരണ ചെയ്യുന്നതും കണ്ടു.