pc-george

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ മോശം വാക്കുകളുപയോഗിച്ച പി.സി.ജോർജിനെ നിയമസഭ ശാസിച്ചു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മി​റ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സഭ ശാസിക്കുന്നതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പി.സി.ജോർജ് കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തുകയും അവരെ പിന്തുണച്ചവരെ സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയുമാണെന്നുള്ള പരാതി വസ്തുതാപരമായി ശരിയാണെന്നു സഭാസമിതി കണ്ടെത്തി. പൊതു ജീവിതത്തിൽ ഉയർന്ന നിലവാരത്തിലുള്ള സന്മാർഗികതയും അന്തസും മര്യാദയും മൂല്യങ്ങളും നിലനിറുത്താൻ നിയമസഭാംഗങ്ങൾ ബാദ്ധ്യസ്ഥരാണെന്നിരിക്കെ പി.സി.ജോർജിന്റെ പ്രവൃത്തികൾ നിയമസഭാംഗങ്ങളുടെ പെരുമാ​റ്റച്ചട്ടങ്ങളുടെ ലംഘനമാണ്. ഇതിന്റെ പേരിൽ അദ്ദേഹത്തെ ശാസിക്കണമെന്നു എത്തിക്സ് കമ്മി​റ്റിയുടെ ഏഴാം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ നിയമസഭാംഗങ്ങൾക്കുള്ള പെരുമാ​റ്റച്ചട്ടങ്ങളിലെ 53 (ബി) നൽകുന്ന അധികാരം വിനിയോഗിച്ച് ശാസിക്കുന്നതായും സ്പീക്കർ പറഞ്ഞു.
ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി. ജോർജ് പ്രതികരിച്ചു. ബിഷപ്പിനെതിരെ ചിലർ മോശം പരാമർശം നടത്തിയപ്പോൾ പ്രതികരിച്ചതിനാണു ശിക്ഷ. സഭയിൽ നിന്നു പുറത്താക്കിയ ആൾ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും അതിനാൽ സ്പീക്കറുടെ പരാമർശത്തിലെ കന്യാസ്ത്രീ എന്ന വാക്ക് ഒഴിവാക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.
കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട പരാതിയാണെന്നും അത് അംഗീകരിക്കുന്നെന്നും സ്പീക്കർ അറിയിച്ചു.