കല്ലമ്പലം: പളളിക്കൽ മൂതല ഗുരുമന്ദിരത്തിന് സമീപം ലിജി വിഹാറിൽ ശിശുപാലന്റെ വീടിനു സമീപത്തെ ഒരേക്കർ സ്ഥലത്തെ മരച്ചീനി കൃഷി പന്നികൾ നശിപ്പിച്ചതായി പരാതി. വാർഡ് മെമ്പർ എസ്.എസ്. ബിജു അറിയിച്ചതനുസരിച്ച് കൃഷി ഓഫീസർ മണിവർണൻ സ്ഥലം പരിശോധിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. പടവാരം ഏലാ വികസന സമിതി സെക്രട്ടറി ശശിധരൻപിള്ളയും സ്ഥലം സന്ദർശിച്ചു. നാട്ടിൽ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇപ്പോൾ പടവാരം ഏലായിലെ നെൽകൃഷി നല്ല വിളവായിരുന്നിട്ടും പന്നികൾ നശിപ്പിച്ചുവെന്നും നെൽകർഷകർ ഇതുമൂലം ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുമായി ആലോചിച്ച് നഷ്ടം വന്ന വിളയ്ക്ക് സഹായം ലഭ്യമാക്കുമെന്നും വനം വകുപ്പുമായി ആശയവിനിമയം നടത്തി പന്നിയെ തുരത്തുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും കർഷകർക്ക് വാർഡ് മെമ്പറും കൃഷി ഓഫീറും ഉറപ്പ് നൽകി.