തിരുവനന്തപുരം: നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് സഭയുടെ ആദരം. ഇന്നലെ ചോദ്യോത്തരവേള കഴിഞ്ഞയുടൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ആദരം അറിയിച്ചത്. ഉമ്മൻചാണ്ടിയുടെ അഭാവത്തിലായിരുന്നു അദ്ദേഹത്തിനുള്ള അനുമോദനം.
ജനങ്ങൾക്കിടയിൽ ലഹരിയോടെ ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും തുറന്ന പുസ്തകമാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. താനും ഉമ്മൻചാണ്ടിയും 1970ലാണ് ആദ്യമായി നിയമസഭയിലെത്തിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുപ്പള്ളി എന്ന നിയമസഭാ മണ്ഡലത്തെ അരനൂറ്റാണ്ട് പ്രതിനിധീകരിച്ച ഉമ്മൻചാണ്ടി പാർലമെന്ററി രംഗത്തെ അപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിഞ്ഞവരെപ്പോലും കെട്ടിപ്പുണരാൻ കഴിയുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ് ഉമ്മൻചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളോടൊപ്പം ജീവിക്കുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം വിസ്മയമാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യു.ഡി.എഫ് കൺവീനർ, തൊഴിൽ, ധനമന്ത്രി, മുഖ്യമന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എന്നീ നിലകളിലും ഉമ്മൻചാണ്ടി മികച്ച പ്രവർത്തനമാണു കാഴ്ച വയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.