photo

ചിറയിൻകീഴ് : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര ദേവീക്ഷേത്രത്തിൽ ഇന്നലെ ഗരുഡൻതൂക്കം നടന്നു. ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിലെ മുഖ്യ ആചാരമായ ഗരുഡൻതൂക്കം കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തെത്തുടർന്ന് നടത്തിയിരുന്നില്ല. അന്ന് നടത്താതിരുന്ന ഗരുഡൻ തൂക്കമാണ് ക്ഷേത്ര തന്ത്രി നെടുമ്പളളി തരണ നല്ലൂർ മന സജി ഗോവിന്ദൻ നമ്പൂതിരിയുടെ നിർദ്ദേശപ്രകാരം ഇന്നലെ നടത്തിയത്. ഒരു നേർച്ച തൂക്കവും കൈകളിൽ കുട്ടിയെ കാഴ്ചവച്ച പിള്ളകെട്ടിത്തൂക്ക വഴിപാടുമാണ് നടന്നത്. സാധാരണ ഗതിയിൽ ശാർക്കരയിൽ 201 തൂക്ക് നേർച്ചക്കാരാണ് തൂക്കവില്ലേറുന്നത്.

ഇന്നലെ പുലർച്ചയോടെ ദേവീ സന്നിധിയിലെത്തിയ തൂക്ക നേർച്ച ഭക്തൻ ദേവിയെ ഏഴുവലംവച്ച് അനുഗ്രഹം വാങ്ങി ഭഗവതി കൊട്ടാരത്തിലേക്ക് ഉടുത്തുകെട്ടിനും ചുട്ടികുത്തലിനുമായി പുറപ്പെട്ടു.തുടർന്ന് ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനും ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രത്യക രീതിയിൽ തുളളി ക്ഷേത്രത്തിലെത്തി ദേവിയെ സ്‌തുതിച്ചശേഷമാണ് തൂക്കവില്ലേറിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനായി നൂറുക്കണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര പരിസരത്ത് തടിച്ച് കൂടി. ചടങ്ങിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ബി.മധുസൂദനൻ നായർ,ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എസ്.ശശികല,

ക്ഷേത്ര മേൽശാന്തി വാളക്കോട് മഠം ജയപ്രകാശ് പരമേരരു , അ‌ഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് എസ്.വിമൽ കുമാർ, ഉപദേശകസമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് മിഥുൻ റ്റി.ഭദ്രൻ, സെക്രട്ടറി അജയൻ ശാർക്കര കീഴ്ശാന്തിമാരായ കണ്ണൻ പോറ്റി, ഈശ്വരൻ പോറ്റി, ഉപദേശക സമിതി അംഗങ്ങളായ മണികുമാർ ശാർക്കര, അഭിൻരാജ്, ശ്രീജിത്ത്, എസ്.വിജയകുമാർ, കിട്ടു ഷിബു, ഭദ്രകുമാർ, രാജശേഖരൻ, അഭി, ഗിരി, എസ്.സുധീഷ് കുമാർ, ഷൈജു എന്നിവർ പങ്കെടുത്തു.