gehlot

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നിരീക്ഷക സംഘം ഇന്നലെ രാത്രി യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

അത്താഴ വിരുന്നിനൊപ്പം നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പൊതു രാഷ്ട്രീയസ്ഥിതിഗതികളാണ് പ്രധാനമായും ചർച്ചയായത്. വിവിധ മത, സാമുദായിക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. ഉമ്മൻചാണ്ടി അദ്ധ്യക്ഷനായ കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗം ഇന്ന് രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന് സ്ഥിതിഗതികളും തന്ത്രങ്ങളും വിലയിരുത്തും.

ഗലോട്ടിന് പുറമേ, എ.ഐ.സി.സി ജനറൽസെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഗോവൻ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലീറോ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, പി. വിശ്വനാഥൻ, ഐവാൻ ഡിസൂസ എന്നിവരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെ തലസ്ഥാനത്തെത്തിയ പരമേശ്വരയും ഫെലീറോയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമ്പത്തിക പരാധീനതകൾ അടക്കമുള്ള കാര്യങ്ങൾ കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡ് സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. രാത്രി എട്ടോടെയാണ് ഗെലോട്ടും താരിഖ് അൻവറും വേണുഗോപാലും എത്തിയത്.

ഇന്ന് രാവിലെ 8.30ന് എ.ഐ.സി.സി നിരീക്ഷകർക്കൊപ്പം പാർട്ടി എം.പിമാരും എം.എൽ.എമാരും കെ.പി.സി.സി ആസ്ഥാനത്ത് പ്രഭാതഭക്ഷണത്തോടൊപ്പം ചർച്ച നടത്തും. രാവിലെ 11ന് കെ.പി.സി.സി ഭാരവാഹി യോഗവും ചേരും. മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.