sree

 സുഗതകുമാരിയുടെ ജന്മദിനം ആഘോഷിച്ച് തലസ്ഥാനം

തിരുവനന്തപുരം:അടുത്തിടെ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ 87ാം ജന്മദിനത്തിൽ ആദരവൊരുക്കി തലസ്ഥാനം.കവയിത്രിയുടെ സ്മരണാർത്ഥം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1000 വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിച്ചത്. നഗരസഭ മെയിൻ ഓഫീസ് അങ്കണത്തിൽ മേയർ ആര്യ രാജേന്ദ്രൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഫോർട്ട് സോണൽ ഓഫീസിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജുവും മറ്റ് സോണൽ ഓഫീസുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും വൃക്ഷത്തൈകൾ നട്ടു.

ഉള്ളൂർ സോണലിൽ വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ആതിര.എൽ.എസ്, നേമം, തിരുവല്ലം സോണലുകളിൽ ക്ഷേമകാര്യ കമ്മിറ്റി
ചെയർമാൻ എസ്.സലീം, വട്ടിയൂർക്കാവ് സോണലിൽ ആരോഗ്യകാര്യ കമ്മിറ്റി ചെയർപേഴ്സൺ പി.ജമീലാ ശ്രീധരൻ, ശ്രീകാര്യം, കടകംപള്ളി സോണലുകളിൽ മരാമത്ത്കാര്യ കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, ആറ്റിപ്ര, കഴക്കൂട്ടം സോണലുകളിൽ നഗരാസൂത്രണകാര്യ കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ, വിഴിഞ്ഞത്ത് നികുതി-അപ്പീൽകാര്യ കമ്മിറ്റി ചെയർമാൻ എസ്.എം. ബഷീർ, കുടപ്പനക്കുന്നിൽ വിദ്യാഭ്യാസ-കായികകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന.കെ.എസ് എന്നിവരും വാർഡുതലത്തിൽ കൗൺസിലംഗങ്ങളും വൃക്ഷത്തൈകൾ നട്ടു.

സുഗതകുമാരിയുടെ ഓർമ്മയ്ക്കായി നിയമസഭാവളപ്പിലും ഓർമ്മമരം നട്ടു.നിയമസഭാ ലൈബ്രറിക്കു സമീപം സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് മരം നട്ടത്. ടീച്ചറുടെ 'പവിഴമല്ലി' കൃതിയെ ഓർമ്മപ്പെടുത്തുംവിധം പവിഴമല്ലിയുടെ തൈയാണ് നട്ടത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,​ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, സ്ത്രീകൂട്ടായ്മ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു. ഡി.എഫ്.ഒ പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു.

ഞാവൽ മരം നട്ടാണ് വഴുതക്കാട് ഗവ.വനിതാ കോളേജ് ജന്മദിനം ആചരിച്ചത്.സുഗതം സുകൃതം കൂട്ടായ്മയുടെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിയൻ ഭാരവാഹികളും ബിനോയ് വിശ്വം എം.പിയും ഒന്നിച്ചാണ് വൃക്ഷത്തൈ നട്ടത് .
പ്രിൻസിപ്പൽ ഡോ.കെ.അരവിന്ദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ശ്രീലത, ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം, കൺവീനർ ആർ.നാരായണൻ തമ്പി, മുൻ ഫോറസ്റ്റ് ഓഫീസർ ഉദയനൻ നായർ, സുഗതം സുകൃതം സെക്രട്ടറി ഡെൽസി ജോസഫ്,വൈസ് പ്രിൻസിപ്പൽ ഡോ.അനില തുടങ്ങിയവർ പങ്കെടുത്തു.