തിരുവനന്തപുരം: ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച രാജാ രവിവർമ്മയുടെ പേരിലുള്ള പുതിയ ആർട്ട് ഗാലറി ഉയരുന്നു. മ്യൂസിയത്ത് ശ്രീചിത്രാ ആർട്ട് ഗാലറിയോട് ചേർന്നാണ് രാജാരവിവർമ്മയുടെ അതുല്യമായ സൃഷ്ടികൾ കോർത്തിണക്കി ആർട്ട് ഗാലറി ആരംഭിക്കുന്നത്. രാജാ രവിവർമ്മയുടെ ലോക പ്രശസ്തമായ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിച്ച് പ്രദർശിപ്പിക്കുകയാണ് പുതിയ ആർട്ട് ഗാലറിയുടെ ലക്ഷ്യം. ശ്രീചിത്രാ ആർട്ട് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന 43 രവിവർമ്മ ചിത്രങ്ങളും രവിവർമ്മ സ്‌കൂൾ ഒഫ് ആർട്സിന്റെ ചിത്രങ്ങളുമാണ് അന്താരാഷ്ട്ര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രാജാരവിവർമ്മ ആർട്ട് ഗാലറിയിലേക്ക് മാറ്റുന്നത്. 150 ലേറെ ചിത്രങ്ങളാണ് ആർട്ട് ഗാലറിയിൽ പ്രദർശനത്തിനായി ഒരുക്കുന്നത്. ഒൻപത് കോടി രൂപ ചെലവഴിച്ചാണ് ആർട്ട് ഗാലറി യാഥാർത്ഥ്യമാക്കുന്നത്. ഇരു നിലകളിലായി നിർമിക്കുന്ന ആർട്ട് ഗാലറിയിൽ എക്സിബിഷൻ ഹാൾ കോൺസെർവഷൻ ഫെസിലിറ്റി എന്നിവയാണ് സജ്ജീകരിച്ചിക്കുന്നത്. പൂർണമായും ശീതികരിച്ച ഗാലറിയിൽ ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. 4 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. സർക്കാർ നോഡൽ ഏജൻസിയായ കേരള മ്യൂസിയമാണ് പദ്ധതി തയ്യാറാക്കിയത്.