തിരുവനന്തപുരം: തുമ്പ ആറ്റിൻകുഴി റെയിൽവേ ക്വാർട്ടേഴ്സിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നാടൻ ബോംബു വച്ച് സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പള്ളിത്തുറ ആറ്റിൻകുഴി സ്വദേശി മുട്ട വിനോദ് എന്നു വിളിക്കുന്ന വിനോദിനെയാണ് (30) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 10 നാണ് സംഭവം നടന്നത്. സംഭവ സ്ഥലത്തെ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ വീട്ടിൽ നിന്ന് നാടൻ
ബോംബുകളും കണ്ടെത്തി. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻഡ് കമ്മിഷണർ അനിൽകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ എസ്.എച്ച്.ഒ അജേഷ്.വിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.