s

സ്വകാര്യ ആശുപത്രികളിൽ നാലുലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയ

തിരുവനന്തപുരം: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീഡി ലാപ്രോസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ആരംഭിച്ചു. വളരെ സൂക്ഷ്മമായ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല കൈപ്പാടുകൾ പോലും വ്യക്തമായി ഒപ്പിയെടുക്കാൻ കഴിയുന്ന ത്രീഡി ലാപ്രോസ്കോപ്പിക് മെഷീനുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ ഡോക്ടർമാർക്ക് ഏറെ സഹായകരമാണ്. ചിത്രങ്ങൾ വ്യക്തമല്ലെങ്കിൽ ശസ്ത്രക്രിയാ വേളയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇത്തരം ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികൾ നാലു ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. എസ്.എ.ടിയിൽ തുച്ഛമായ ചെലവ് മാത്രം മതി. ഫൈബ്രോയ്ഡിന്റെയും കാൻസറിന്റെയും മുഴകളും ഗർഭപാത്രം നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയകൾ നടത്തുമ്പോൾ രക്തധമനികളുടേതടക്കം വ്യക്തവും ആഴത്തിലുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കാൻ ത്രീഡി യന്ത്രത്തിലെ കാമറക്കണ്ണുകൾക്കാവും. അതിനാൽ കൂടുതൽ സുരക്ഷിതമായി ശസ്ത്രക്രിയ നടത്താം. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സർക്കാർ എസ്.എ.ടിയിൽ മെഷീൻ സ്ഥാപിച്ചത്. ബുധനാഴ്‌ച പുതിയ മെഷീൻ ഉപയോഗിച്ച് ചികിത്സയിലായിരുന്ന 57 കാരിക്ക് ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയാണ് ആദ്യം നടന്നത്. ലാപ്രോസ്കോപ്പി വിഭാഗത്തിന്റെ ചുമതലയുള്ള ഡോ ജയശ്രീ.വി.വാമന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയിൽ ഡോ.ഡോ ശില്പ നായർ, ഡോ മായാദേവി ബ്രഹ്മാനന്ദൻ, ഡോ പ്രിയദർശിനി,ഡോ.ലക്ഷ്മി പ്രദീപ് എന്നിവരും അനസ്തേഷ്യാ വിഭാഗത്തിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ.ജയകുമാർ, ജൂനിയർ റസിഡന്റ് ഡോ അഞ്ജു,ഹെഡ് നഴ്‌സുമാരായ ഷമീല, ടെസ്ബി ആശ (സ്‌ക്രബ് നഴ്‌സ്) എന്നിവരും പങ്കാളികളായി.

നേട്ടങ്ങൾ നിരവധി

വലിയ മുറിവുകൾ ഒഴിവാക്കി ശസ്ത്രക്രിയ സാദ്ധ്യമാകും

രോഗിക്ക് തൊട്ടടുത്ത ദിവസം ആശുപത്രി വിടാം

പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകും

രക്ത നഷ്ടം ഉണ്ടാകില്ല