kerala-niyamasabha

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങളുയർത്തിക്കാട്ടി ഭരണപക്ഷവും, കോട്ടങ്ങൾ ആരോപിച്ച് പ്രതിപക്ഷവും പോരടിച്ചതോടെ, നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം നടന്ന വോട്ട് ഒൺ അക്കൗണ്ട് ചർച്ചകളിലും രാഷ്ട്രീയം തിളച്ചുതൂവി.

പിണറായി സർക്കാരിന്റെ കരുതൽ മനസ്സിലാക്കിയ ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് ഭരണപക്ഷം വാദിച്ചു. എന്നാൽ ,ഭൂരിപക്ഷത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്ന നരേന്ദ്രമോദിയുടെ ശൈലി പിന്തുടരുന്ന പിണറായി സർക്കാരിനെ ജനം വെറുതെ വിടില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഊന്നുവടിയായി യു.ഡി.എഫ് മാറിയെന്ന് കുറ്റപ്പെടുത്തിയ ആർ. രാജേഷ് , യു.ഡി.എഫ് പ്രതിപക്ഷമല്ല, പ്രതികളുടെ പക്ഷമാണെന്ന് പരിഹസിച്ചു. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നുവീണെന്ന് ഡി.കെ. മുരളി പറഞ്ഞു. തങ്ങൾക്ക് ഒരു സംരക്ഷകനുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്ന നേതാവാണ് പിണറായി വിജയനെന്ന് പി. ഉണ്ണി പറഞ്ഞു.

ഒരിക്കൽ ഇടതുപക്ഷത്തിന് വിശുദ്ധഗ്രന്ഥമായിരുന്ന സി.എ.ജി റിപ്പോർട്ട് ഇപ്പോൾ പാപത്തിന്റെ പുസ്തകമായെന്ന് എ.പി. അനിൽകുമാർ പരിഹസിച്ചു. ഒരു ദിവസത്തിന്റെ ആയുസ്സ് പോലുമില്ലാത്ത ബഡ്ജറ്റിന്റെ പേരിലാണ് ഭരണപക്ഷം ആശ്വാസം കൊള്ളുന്നതെന്ന് എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.