കാസർകോട്: കേരളത്തിലെ വിവിധ പെട്രോൾ പമ്പുകളിൽ അതിക്രമിച്ചു കയറി മോഷണവും പിടിച്ചുപറിയും നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കാസർകോട് വിദ്യാനഗർ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ബർമ്മനടുക്ക മാന്യ സ്വദേശി സാബിത്തി (21) നെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി മനോജ്, എസ്.ഐ എം.വി വിഷ്ണു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെട്ടുംകുഴിയിലെ ക്വാർട്ടേഴ്സിൽ എത്തി പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ക്വാർട്ടേഴ്സ് വളഞ്ഞ പൊലീസ് സംഘത്തെ കണ്ടു ഓടിരക്ഷപ്പെടാൻ ശ്രമിച്ച സാബിത്ത് പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ പെട്രോൾ പമ്പിൽ രാത്രി കടന്ന് ഓഫീസ് ചില്ലുകൾ കുത്തിപ്പൊളിച്ച് നാൽപതിനായിരം രൂപ കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ സാബിത്. 2020 മേയ് മാസമാണ് മോഷണം നടന്നത്. വിദ്യാനഗർ എസ്.പി നഗറിലെ മുഹമ്മദ് ഹനീഫയെ 2020 ഡിസംബറിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് യുവാവ്. മാസങ്ങളായി ഗോവയിൽ ആയിരുന്ന സാബിത്ത് നാട്ടിൽ എത്തിയിട്ടുണ്ടെന്ന വിവിരത്തെ തുടർന്നാണ് ക്വാർട്ടേഴ്സ് വളഞ്ഞത്.
മോഷണവും കത്തിക്കുത്തും നടത്തി നാട്ടിൽ നിന്നും മുങ്ങുന്ന യുവാവ് ഗോവയിലും മറ്റും കറങ്ങി മയക്കുമരുന്നു കച്ചവടം നടത്തിവരികയാണ് പതിവ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ വാഹന മോഷണ കേസും ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വധശ്രമകേസും പ്രതിയുടെ പേരിലുണ്ടെന്ന് വിദ്യാനഗർ എസ്.ഐ എം.വി വിഷ്ണുപ്രസാദ് പറഞ്ഞു. കൊടുങ്ങല്ലൂർ, കൈപ്പമംഗലം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിലെല്ലാം സാബിത്തിനെതിരെ പെട്രോൾപമ്പ് മോഷണ കേസുകൾ നിലവിലുണ്ട്.