dd

അടൂർ : കഴിഞ്ഞ ദിവസം അടൂരിൽ പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ആറ് മാസമായാണ് അടൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പീരുമേട്ടിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഴകുളം സ്വദേശി അംജിത്തിൽ നിന്നാണ് പന്നിവിഴ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിവരുന്ന വിവരം എക്സൈസിന് ലഭിച്ചത്. വ്യാഴാഴ്ച എക്സൈസ് നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയായ കോഴിക്കോട് ഫെറോക്ക് കൈതോലിപ്പാടം പൊറ്റക്കാട്ട് വീട്ടിൽ ജെംഷീർ ബാബു (37)വും രണ്ട് യുവതികളും പിടിയിലാകുന്നത്. തുടർന്ന് പെൺവാണിഭം സംബന്ധിച്ച വിവരം അടൂർ പൊലീസിന് കൈമാറി. പൊലീസെത്തി മറ്റുള്ളവരെ പിടികൂടികയായിരുന്നു. പന്നിവിഴ കൈതക്കരയിലുള്ള മങ്കുഴി തറയിലെ വീടാണ് ഇവർ വാടകയ്ക്കെടുത്തത്. .മുന്തിയ ഇനം വാഹനങ്ങൾ ഇവിടെ വന്നുപോകുന്നത് പരിസരവാസികൾ കണ്ടിട്ടുണ്ടെങ്കിലും പെൺവാണിഭസംഘമായിരുന്നു ഇതിന് പിന്നിലെന്ന് അറിഞ്ഞില്ല. വീടിന്റെ പരിസരത്തെ റോഡുകളിലും വാഹനങ്ങൾ സ്ഥിരം കാഴ്ചയായിരുന്നു. പ്രതികളുടെ മൊബൈൽ പരിശോധിക്കുകയാണ് പൊലീസ്. സമൂഹത്തിലെ വിവിധ മേഖലകളിൽപ്പെട്ടവർക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് നിഗമനം. പുനലൂർ വെഞ്ചേമ്പ് പൂനംകാവ് മേലേതിൽ സുധീർ മൻസിലിൽ ഷെമീല(30) യും ജംഷീർ ബാബുവുമാണ് സംഘത്തിലെ പ്രധാന കണ്ണികൾ. കഴിഞ്ഞ ദിവസം ഇവർക്കൊപ്പം പിടിയലായ പാലക്കാട് കോട്ടായി സ്വദേശി അനിത (26) ഇവരുടെ കെണിയിൽപ്പെട്ട് എത്തിയതാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. അടൂർ ഡി. വൈ. എസ്. പി ബിനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും.