sivagiri

തിരുവനന്തപുരം: ശിവഗിരി മഠത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ നിർമ്മാണ പദ്ധതികളുടെ തടസങ്ങൾ നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദ്ദേശം.

നമുക്ക് ജാതിയില്ല വിളംബര സ്മാരക മന്ദിരം,പ്രമുഖ വ്യവസായി ഡോ.എം.എ.യൂസഫലി സംഭാവന ചെയ്ത ശിവഗിരി തീർത്ഥാടന പന്തൽ, നവതിയുമായി ബന്ധപ്പെട്ട ഗുരുവിന്റെ മഹാസമാധി സ്മാരക അന്നക്ഷേത്രം എന്നിവയുടെ നിർമ്മാണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുന്നത്. നിർമ്മാണ തടസം കാരണം ശിവഗിരി മഠത്തിന് സർക്കാർ അനുവദിച്ച 5 കോടിയും ഉയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇക്കാര്യങ്ങൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് , മുഖ്യമന്ത്രി വകുപ്പു മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചത്.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി.മൊയ്തീൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി.ജോയ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുത്തു.