prince

 പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ

കൊട്ടിയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി. എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ പ്രിൻസ് പീറ്ററിനെയാണ് (24) കണ്ണനല്ലൂർ പൊലീസ് മൂവാറ്റുപുഴയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ഷെയർചാറ്റ് എന്ന സോഷ്യൽ മീഡിയ ആപ്ളിക്കേഷനിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് ഫോൺ നമ്പർ കൈക്കലാക്കിയ യുവാവ് പ്രണയം നടിച്ച് വശീകരിച്ച് ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ കണ്ണനല്ലൂരിലെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവാവിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണനല്ലൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ യു.പി വിപിൻ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, സുന്ദരേശൻ, പ്രൊബേഷണറി എസ്.ഐമാരായ രതീഷ്, അനൂപ്, സി.പി.ഒ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.