sreenarayana-guru-univers

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബിൽ നിയമമാകുന്നതോടെ സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ പഠനത്തിനുള്ള ഏക സർവകലാശാലയായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മാറും. മറ്റു സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ രജിസ്‌ട്രേഷൻ അടുത്ത അധ്യയനവർഷം മുതൽ അനുവദിക്കില്ല. മറ്റ് സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷൻ രീതിയിൽ പഠനം നടത്തുന്നവർക്കും രജിസ്റ്റർ ചെയ്തവർക്കും അവിടെ പഠനം പൂർത്തിയാക്കാം.
ആദ്യഘട്ടത്തിൽ ഒമ്പത് പഠന സ്‌കൂളുകൾ വ്യവസ്ഥ ചെയ്തിരുന്നു. സബ്ജക്ട് കമ്മിറ്റി പരിശോധനക്കുശേഷം എട്ട് സ്‌കൂളുകളാക്കി കുറച്ചു. 'സ്‌കൂൾ ഒഫ് ബിസിനസ് സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി' ഒഴിവാക്കി.
വി.സി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി ഓർഡിനൻസിൽ നിന്ന് വ്യത്യസ്തമായി 65ൽ നിന്നു 60 വയസാക്കി കുറച്ചു. നിയമസഭാ സാമാജികരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരംഗത്തെയും സർവകലാശാലയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിയെയും സിൻഡിക്കേറ്റിൽ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്തു. മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സൈബർ കൗൺസിൽ എന്ന സംവിധാനം ഉണ്ടാകും.

എല്ലാ കോഴ്സുകൾക്കുമൊപ്പം മാനവീയതയും തർക്കശാസ്ത്രവും ഉണ്ടാകും. ഗുരുദർശനം പാഠ്യവിഷയമായിരിക്കും. ബോയ്ലേഴ്സ് ആൻഡ് മാനേജ്മെന്റ് അസോസിയേഷനുമായി ചേർന്ന് തൊഴിൽ സാധ്യതയുള്ള സേഫ്റ്റി മാനേജ്മെന്റ് കോഴ്സ് ഉടൻ തുടങ്ങും. പഠിക്കാനാകാതെ പോയവർക്ക് ഗുരുവിന്റെ അനുഗ്രഹമായി തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംരംഭമാണിതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

 ലോഗോയിൽ ഗുരുവിന്റെ ചിത്രം വേണം: പി.ടി.തോമസ്

സർവകലാശാലയുടെ ലോഗോയിൽ ഗുരുവിന്റെ ചിത്രവും വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന വചനവും ആലേഖനം ചെയ്യണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു. പാർലമെന്റുപോലും ഗുരുവിന്റെ പ്രധാന്യം മനസിലാക്കി കേന്ദ്രസാഹിത്യ അക്കാദമിയിലൂടെ 12 ഇന്ത്യൻ ഭാഷകളിൽ ഗുരുദർശനം പ്രസിദ്ധീകരിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.ലോഗോ പരിഷ്കരിക്കാൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി സമിതിയെ നിയോഗിച്ചെന്ന് മന്ത്രി ജലീൽ അറിയിച്ചു.

'ലോകത്തിന് ആവശ്യമായ ഉത്തമ പൗരൻമാരെ വാർത്തെടുക്കുക എന്ന ഗുരു ഉപദേശത്തിന് അനുസൃതമായിരിക്കും ശ്രീനാരായണഗുരുസർവ്വകലാശാലയുടെ പ്രവർത്തനം".

-പിണറായി വിജയൻ, മുഖ്യമന്ത്രി

'നിയമസഭയ്ക്ക് ശ്രീനാരായണ ഗുരുദേവന് നൽകാൻ കഴിയുന്ന ഏറ്റവും ഉചിതമായ ആദരവാണ് ഈ സർവകലാശാല".

- രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്