തിരുവനന്തപുരം: ആറര ലക്ഷത്തിൽപ്പരം കുട്ടികൾ പുതുതായി സർക്കാർ സ്‌കൂളുകളിലേക്ക് കടന്നു വന്നതും, അമ്പതിനായിരത്തിലേറെ ഹൈടെക് ക്ലാസ്സ് മുറികൾ പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിച്ചതുമൊക്കെ ഗുരുവിന്റെ വിദ്യാഭ്യാസ ചിന്തകളിൽ നിന്നു കൂടി പ്രചോദനമുൾക്കൊണ്ട് നടത്തിയ പരിഷ്‌കാരങ്ങളാണെന്നും, അതിന്റെ തുടർച്ചയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയിൽ ശ്രീനാരായണഗുരു ഒാപ്പൺ സർവ്വകലാശാല രൂപീകരണ ബില്ലിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭേദചിന്തകൾക്കും വേർതിരിവുകൾക്കുമതീതമായി ഒരു പരിപ്രേക്ഷ്യം മുന്നോട്ടുവച്ച യുഗപ്രഭാവനാണ് ശ്രീനാരായണ ഗുരു. ഒരുവിധ വിവേചനവുമില്ലാത്ത ജനങ്ങളുടെ കൂട്ടായ്മയാണ് ജനാധിപത്യം. അത്തരത്തിലുള്ള ജനാധിപത്യ വ്യവസ്ഥിതി നമ്മുടെ നാട്ടിൽ ഉണ്ടാവുന്നതിന് വഴിമരുന്നിട്ട ചിന്തകളും കാഴ്ചപ്പാടുകളുമാണ് ഗുരുവിൽനിന്നു പ്രസരിച്ചത്.
ഭൂപരിഷ്‌കരണം, തൊഴിലാളിക്ഷേമം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ നിയമനിർമാണം നടത്തിക്കൊണ്ട് ജാതീയമായ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച പാരമ്പര്യം നമ്മുടെ നിയമസഭയ്ക്കുണ്ട്. കേരളമാകെയും ഈ നിയമസഭ പ്രത്യേകിച്ചും ശ്രീനാരായണ സന്ദേശങ്ങളോട് കടപ്പെട്ടിരിക്കുന്നു.ഗുരുവിന്റെ നാമധേയവുമായി ബന്ധപ്പെട്ട ഏതു വിഷയം ചർച്ചയ്‌ക്കെടുക്കുന്നതും നിയമസഭയ്ക്ക് അഭിമാനകരമാണ്.
തനിക്കു ജാതിയില്ലെന്ന ഗുരുവിന്റെ വിളംബര വാർഷികം, ഗുരുവിന്റെ മതനിരപേക്ഷ പ്രാർത്ഥനയായ ദൈവദശകത്തിന്റെ വാർഷികം തുടങ്ങിയവ അവയുടെ സൂക്ഷ്മ സാരാംശങ്ങൾ ജനങ്ങളിലെത്തിക്കും വിധം സർക്കാർ തലത്തിൽ ആഘോഷിക്കാൻ കഴിഞ്ഞത് അഭിമാനിക്കാൻ വകനൽകുന്നതാണ്. സർക്കാർ ഔദ്യോഗികമായി ഗുരുവിന്റെ പ്രതിമ കേരളത്തിലെവിടെയും സ്ഥാപിച്ചിരുന്നില്ല. മഹാരഥൻമാരുടെ പ്രതിമയുണ്ടാവുമ്പോൾ, അതിലൂടെ പുതുതലമുറ അവരെയും ,അവരുടെ സന്ദേശങ്ങളെയും കൂടുതലായി അറിയും.
ഗുരു കൊളുത്തിയത് അറിവിന്റെ കെടാവിളക്കുകളാണ്. വിഗ്രഹ പ്രതിഷ്ഠയിൽനിന്ന് അക്ഷര പ്രതിഷ്ഠയിലേക്കു മാറിയ ഗുരുവര്യൻ,. അറിയാനും അറിയിക്കാനും പ്രാധാന്യം കൊടുത്തു. അങ്ങനെയുള്ള ഗുരുശ്രേഷ്ഠന്റെ പേരിൽ ഒരു സർവകലാശാലയില്ലാത്തതിന്റെ പോരായ്മ പരിഹരിച്ചുകൊണ്ടാണ് കൊല്ലം ആസ്ഥാനമായി ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ ഓപ്പൺ സർവകലാശാല സ്ഥാപിച്ചത്.